ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ പോലും നിശബ്ദമാക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പാര്‍ലമെന്റില്‍ സംസാരിക്കാന്‍ പോലും പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാകുന്നില്ല. പാര്‍ലമെന്റിനെ പോലും മോദി നിശബ്ദമാക്കി. നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

എട്ട് വയസുകാരി പീഡന കൊലക്ക് ഇരയായിട്ടും പ്രധാനമന്ത്രി മൗനം പാലിക്കുകയാണ്. മോദി സംസാരിക്കുന്നത് മന്‍കി ബാത്തിലൂടെ മാത്രമാണ്. രാജ്യത്തെ സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കേണ്ടത് ബി.ജെ.പി എം.എല്‍.എമാരില്‍ നിന്നാണെന്നും രാഹുല്‍ ആഞ്ഞടിച്ചു.

ആര്‍.എസ്.എസ് ആശയങ്ങള്‍ ഭരണഘടന മൂല്യങ്ങള്‍ക്ക് മേല്‍ ആധിപത്യം നേടാന്‍ ശ്രമിക്കുകയാണ്. സ്വന്തം ഉയര്‍ച്ചക്കായി മാത്രം പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയാണ് മോദി. മോദിക്ക് സ്വന്തം കാര്യത്തില്‍ മാത്രമാണ് ശ്രദ്ധ. തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതില്‍ മാത്രമാണ് താല്‍പ്പര്യം. 70 വര്‍ഷം കൊണ്ട് കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ത്യക്കുണ്ടാക്കി നല്‍കിയ സല്‍പ്പേര് വെറും നാല് വര്‍ഷം കൊണ്ടാണ് മോദി തകര്‍ത്തു കളഞ്ഞതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.