ദളിതര്‍ക്കെതിരായ അതിക്രമം: മോദിക്കെതിരെ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ദളിത് വിഭാഗക്കാരെ അടിച്ചമര്‍ത്തുന്നത് മോദിയുടേയും ആര്‍.എസ്.എസിന്റേയും ഡി.എന്‍.എയിലുള്ളതാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദളിത് സംഘടനകള്‍ നടത്തുന്ന ഭാരത ബന്ദിന് പിന്തുണയറിയിച്ചായിരുന്നു രാഹുലിന്റെ ട്വീറ്റ്.

‘ദളിതരെ സമൂഹത്തിന്റെ ഉന്നത ശ്രേണിയിലേക്ക് കടന്നുവരാന്‍ അനുവദിക്കാതെ ചവിട്ടിത്താഴ്ത്തുന്നത് ആര്‍.എസ്.എസിന്റേയും മോദിയുടേയും ഡി.എന്‍.എയിലുള്ള കാര്യമാണ്. ആരെങ്കിലും ഇതിനെ ചോദ്യം ചെയ്താല്‍ അവരെ അടിച്ചമര്‍ത്തുകയാണ് പതിവ്. മോദി സര്‍ക്കാര്‍ പിടിച്ചുവെച്ചിരിക്കുന്ന തങ്ങളുടെ അവകാശങ്ങള്‍ വീണ്ടെടുക്കാന്‍ ആയിരക്കണക്കിന് ദളിത് സഹോദരീ-സഹോദരന്‍മാരാണ് ഇന്ന് തെരുവിലേക്കിറങ്ങുന്നത്. അവരെ ഞങ്ങള്‍ അഭിവാദ്യം ചെയ്യുന്നു’-രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

പട്ടിക വിഭാഗങ്ങള്‍ക്കെതിരായാ അതിക്രമങ്ങള്‍ തടയാനുള്ള നിയമപ്രകാരം ഉടനെ കേസെടുത്ത് അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുള്ള സുപ്രീംകോടതി വിധിക്കെതിരെയാണ് ദളിത് സംഘടനകള്‍ ഭാരത ബന്ദ് നടത്തുന്നത്. ദളിതര്‍ക്കും ആദിവാസികള്‍ക്കുമെതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയമത്തിലെ വ്യവസ്ഥകള്‍ ലഘൂകരിക്കരുതെന്ന് നേരത്തെ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.

SHARE