കോഴിക്കോട്: രാജ്യത്തെ ജനങ്ങളുടെ മനസ് തിരിച്ചറിയാത്ത് പ്രധാനമന്ത്രിയാണ് മോദിയെന്ന് രാഹുല്‍ ഗാന്ധി. തനിക്ക് പറയാനുള്ളത് പറയുക മാത്രമല്ല ജനങ്ങളെ കേള്‍ക്കാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും പ്രധാനമന്ത്രിക്ക് തയ്യാറാവണം. എന്നാല്‍ ജനം തന്നെ എങ്ങനെ മനസ്സിലാക്കുന്നുവെന്ന് തിരിച്ചറിയാന്‍ പ്രധാനമന്ത്രിക്ക് സാധിക്കുന്നില്ല. അദ്ദേഹത്തിന് പറയാനുള്ളത് കേള്‍ക്കുന്ന ജനങ്ങളെ കേള്‍ക്കാന്‍ മോദി ഒരിക്കലും തയ്യാറാവുന്നില്ല.

സ്വന്തം അഭിപ്രായങ്ങള്‍ക്കല്ലാതെ മോദിയും ബി.ജെ.പിയും മറ്റൊന്നിനും വില കല്‍പിക്കുന്നില്ല. ഭരണഘടനാ സ്ഥാപനങ്ങളെ ഒന്നൊന്നായി തകര്‍ത്തുകൊണ്ടിരിക്കുകയാണ്. കോടീശ്വരന്‍മാരുടെ വായ്പകള്‍ എഴുതിത്തള്ളുന്ന മോദിയും ജയ്റ്റ്‌ലിയും രാജ്യത്തെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിന് പകരം അവരെ പരിഹസിക്കുകയാണ്.

സി.പി.എമ്മിനേയും പ്രസംഗത്തില്‍ രാഹുല്‍ വിമര്‍ശിച്ചു. സുന്ദരന്‍മാരായ രണ്ട് ചെറുപ്പക്കാരെയാണ് കാസര്‍കോട് സി.പി.എം കൊലപ്പെടുത്തിയത്. അക്രമിത്തിലൂടെ എക്കാലവും അധികാരത്തില്‍ തുടരാമെന്നാണ് സി.പി.എം കരുതുന്നത്. എന്നാല്‍ അത് നടക്കില്ല. അവര്‍ക്ക് നീതി കിട്ടുക തന്നെ ചെയ്യും. തങ്ങളുടെ പ്രത്യയശാസ്ത്രം പൊള്ളയാണെന്ന് തിരിച്ചറിയാന്‍ അവര്‍ക്ക് കുറച്ചുകാലം കൂടി വേണ്ടിവരുമെന്നും രാഹുല്‍ പറഞ്ഞു.