‘തീവ്രവാദി പ്രജ്ഞ തീവ്രവാദി ഗോഡ്‌സെയെ രാജ്യസ്‌നേഹിയെന്നു വിളിച്ചു; പാര്‍ലമെന്റ്് ചരിത്രത്തിലെ സങ്കടകരമായ ദിനം’; പ്രജ്ഞ സിംഗ് താക്കൂറിനെതിരെ രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: ബി.ജെ.പി എം.പി പ്രജ്ഞാ സിങ് താക്കൂറിന്റെ പരാമര്‍ശത്തോട് പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്നലെ ഇന്ത്യയുടെ പാര്‍ലമെന്റ് ചരിത്രത്തിലെ സങ്കടകരമായ ദിവസമായിരുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

‘തീവ്രവാദി പ്രജ്ഞ തീവ്രവാദി ഗോഡ്‌സെയെ രാജ്യസ്‌നേഹിയെന്നു വിളിച്ചു. ഇന്ത്യന്‍ പാര്‍ലമെന്റ് ചരിത്രത്തിലെ ഏറ്റവും സങ്കടകരമായ ദിനം’ എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന് ആവര്‍ത്തിച്ച് ബിജെപി എംപി പ്രഗ്യാ സിംഗ് ഠാക്കൂര്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. ലോക്‌സഭയില്‍ ഇന്നലെ എസ്പിജി ബില്ലിന്റെ ചര്‍ച്ചക്കിടെയായിരുന്നു പ്രഗ്യാ സിംഗിന്റെ പരാമര്‍ശം.

എന്തുകൊണ്ട് ഗാന്ധിജിയെ കൊലപ്പെടുത്തി എന്നത് സംബന്ധിച്ച്, ഡിഎംകെ എംപി എ രാജ ഗോഡ്‌സെയുടെ വാക്കുകള്‍ ഉദ്ധരിക്കവേയാണ് പ്രഗ്യ ഇടപെട്ട് വിവാദ നിലപാട് ആവര്‍ത്തിച്ചത്. ഗാന്ധിജിയെ വധിക്കുന്നതിനും 32 വര്‍ഷങ്ങള്‍ക്ക് മുമ്പേ അദ്ദേഹത്തോട് വൈരാഗ്യം ഉണ്ടായിരുന്നെന്ന് ഗോഡ്‌സെ തന്നെ പറഞ്ഞിരുന്നതായി എ രാജ പ്രതികരിച്ചു. ഒരു പ്രത്യേക ആദര്‍ശത്തില്‍ വിശ്വസിച്ചിരുന്നതുകൊണ്ടാണ് ഗോഡ്‌സെ ഗാന്ധിജിയെ വധിച്ചതെന്നും രാജ അഭിപ്രായപ്പെട്ടു.

പ്രഗ്യയുടെ ഇടപെടലിനെത്തുടര്‍ന്ന് പ്രതിപക്ഷം എതിര്‍പ്പുയര്‍ത്തി. അതേസമയം, പ്രഗ്യയെ സമാധാനിപ്പിച്ച് പിന്തിരിപ്പിക്കാനായിരുന്നു ബിജെപി അംഗങ്ങളുടെ ശ്രമം. മലേഗാവ് സ്‌ഫോടനക്കേസില്‍ വിചാരണ നേരിടുന്ന പ്രഗ്യാ സിംഗിനെ പ്രതിരോധ മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തതും കഴിഞ്ഞയിടെ വിവാദമായിരുന്നു.

ഗോഡ്‌സെയെ പ്രകീര്‍ത്തിച്ചുള്ള പ്രഗ്യാ സിംഗിന്റെ പരാമര്‍ശം മുമ്പും വിവാദമായിരുന്നു. ഗോഡ്‌സെ രാജ്യസ്‌നേഹി ആയിരുന്നു, ആണ്, ആയിരിക്കും എന്നായിരുന്നു മാസങ്ങള്‍ക്ക് മുമ്പ് പ്രഗ്യാ സിംഗ് അഭിപ്രായപ്പെട്ടത്. ഗോഡ്‌സെ ഹിന്ദു തീവ്രവാദി ആണെന്ന, കമല്‍ഹാസന്റെ പ്രസ്താവനക്ക് മറുപടിയായിട്ടായിരുന്നു പ്രഗ്യാസിംഗിന്റെ പ്രസ്താവന. പ്രജ്ഞയുടെ പ്രസ്താവന വിവാദമായതോടെ ബി.ജെ.പി അവര്‍ക്കെതിരെ നടപടിയുമായി രംഗത്തെത്തിയിരുന്നു.

SHARE