ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയില്‍ രാഹുല്‍ഗാന്ധി സന്ദര്‍ശനം നടത്തി

വയനാട് എംപി രാഹുല്‍ ഗാന്ധി ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയില്‍ സന്ദര്‍ശനം നടത്തി. പോത്തുകല്ല് ക്യാംപിലെത്തി ദുരിതബാധിതരെ കണ്ട രാഹുല്‍ അതിനു ശേഷം തീര്‍ത്തും അപ്രതീക്ഷതമായാണ് കവളപ്പാറയിലെത്തിയത്.

കനത്തമഴയും ഉരുള്‍പ്പൊട്ടലും നാശം വിതച്ച മലപ്പുറത്തെയും വയനാട്ടിലെയും ദുരിതബാധിതരെ ആശ്വസിപ്പിക്കാനായി ഇന്നു രാവിലെയാണ് സ്ഥലം എംപിയായ രാഹുല്‍ഗാന്ധി എത്തിയത്. മലപ്പുറത്തെ പോത്തുകല്ല് ദുരിതാശ്വാസ ക്യാമ്പിലെത്തിയ രാഹുല്‍ ഗാന്ധി ദുരിതബാധിതരോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പുത്തുമലയും കവളപ്പാറയും അടക്കം വയനാട് മണ്ഡലത്തിലേയും വടക്കന്‍ കേരളത്തിലാകെയും നിലവിലുള്ള പ്രളയ സമാനമായ സാഹചര്യം കേന്ദ്രസര്‍ക്കാരിനെ ധരിപ്പിക്കുന്നതിനടക്കം മുന്‍കയ്യെടുക്കുമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചിട്ടുണ്ട്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും അടക്കം കോണ്‍ഗ്രസ് നേതാക്കളും ജനപ്രതിനിധികളും എല്ലാം രാഹുല്‍ ഗാന്ധിക്ക് ഒപ്പമുണ്ടായിരുന്നു.

മമ്പാട് എംഇഎസ് കോളേജിലെ ദുരിതാശ്വാസ ക്യാമ്പിലും സന്ദര്‍ശിച്ച ശേഷമാണ് രാഹുല്‍ ഗാന്ധി ഗസ്റ്റ് ഹൗസില്‍ നടക്കുന്ന അവലോകന യോഗത്തില്‍ പങ്കെടുക്കുന്നത്. വയനാട് ജനതക്ക് ഒപ്പമാണ് മനസ്സെന്ന് ദുരന്തം അറിഞ്ഞ ഉടനെ തന്നെ രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു.

SHARE