ഷെഹലയുടെ വീട്ടില്‍ രാഹുല്‍ ഗാന്ധി വന്നതിന്റെ അനുഭവങ്ങള്‍ വിവരിച്ച് ഇളയുമ്മ

വയനാട്: വയനാട്ടില്‍ സ്‌കൂളില്‍ വെച്ച് പാമ്പു കടിയേറ്റു മരിച്ച ഷെഹല ഷെറിന്റെ വീട്ടില്‍ രാഹുല്‍ ഗാന്ധി വന്നതിന്റെ അനുഭവങ്ങള്‍ വിവരിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക. ചന്ദ്രിക സീനിയര്‍ സബ് എഡിറ്ററും മരിച്ച ഷെഹലയുടെ ഉമ്മയുടെ സഹോദരിയുമായ ഫസ്‌ന ഫാത്തിമയാണ് രാഹുലിന്റെ സന്ദര്‍ശനത്തെ വിവരിച്ച് എഴുതിയിരിക്കുന്നത്.


ഫസ്‌ന ഫാത്തിമയുടെ കുറിപ്പ് ഇങ്ങനെ:

രാഹുല്‍ജിയെ കുറിച്ച് കേട്ടറിവ് മാത്രമാണ് ഇതുവരെ ഉണ്ടായിരുന്നത്. ചന്ദ്രിക ഡെസ്‌ക്കില്‍ ദേശീയ പേജിനു വേണ്ടി വാര്‍ത്തകള്‍ തര്‍ജമ ചെയ്യുമ്പോള്‍ എപ്പോഴൊക്കെയോ നെഹ്‌റു കുടുംബത്തിലെ ഇളമുറക്കാരന്റെ സവിശേഷ സ്വഭാവത്തെ അറിഞ്ഞിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ വയനാട് ക്യാമ്പ് ചെയ്തപ്പോള്‍ ആ സൗമ്യ സ്വഭാവം കൂടുതല്‍ അടുത്തറിയാന്‍ സാധിച്ചു.
മാധ്യമ പ്രവര്‍ത്തകയെന്ന നിലയില്‍ പല വേദികളില്‍ കണ്ടിട്ടുണ്ടെങ്കിലും ഷഹല യുടെ വീട്ടിലെത്തിയപ്പോഴാണ് ആദ്യമായി അടുത്തു കാണുന്നത്, സംസാരിക്കുന്നത്.
അസാമാന്യ വ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹം. ഹൃദയം നിറയെ സ്‌നേഹവും സഹജീവികളോട് അനുകമ്പയുമുള്ള ഒരു സിംപിള്‍ മനുഷ്യന്‍. നേതാക്കളില്‍ ഇന്ന് ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന വ്യക്തിത്വമാണ് രാഹുല്‍ജി.

വീട്ടില്‍ വന്നപ്പോള്‍ അദ്ദേഹം കുടുംബാംഗങ്ങളെ പരിചയപ്പെടുത്താന്‍ ആവശ്യപ്പെട്ടു. ക്ഷമയോടെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഷഹല എന്തായിരുന്നു, എങ്ങനെയായിരുന്നു എന്ന് ആരാഞ്ഞു. ഷഹലയുടെ ഫോട്ടോസ് കണ്ടു. കുഞ്ഞനുജത്തിക്ക് ആരാവാനാണ് ആഗ്രഹം എന്ന് ചോദിച്ചപ്പോള്‍ ഷഹല ആഗ്രഹിച്ചതു പോലെ ജഡ്ജി ആവണമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം കുഞ്ഞു അമീഗയെ ചേര്‍ത്തു പിടിച്ചു. ഒപ്പം എന്നെ കുറിച്ചും അദ്ദേഹം ചോദിച്ചു. മാധ്യമ പ്രവര്‍ത്തകയാണെന്ന് പരിചയപ്പെടുത്തിയപ്പോള്‍ വിഷയത്തില്‍ എന്താണ് പറയാനുള്ളത് എന്ന് രാഹുല്‍ജി ചോദിച്ചു. അധ്യാപകരും ഡോക്ടര്‍മാരും സമയോചിതമായി പ്രവര്‍ത്തിക്കാത്തതും മികച്ച ചികിത്സാ സംവിധാനങ്ങളുടെ അഭാവവുമാണ് ഷഹലക്കു ജീവന്‍ നഷ്ടമാവാന്‍ കാരണമെന്ന് പറഞ്ഞപ്പോള്‍ അദേഹവും ഒരു നിമിഷം മൗനമായി.

ഒരു മെഡിക്കല്‍ കോളജ് വയനാടിന് അത്യാവശ്യമാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ആ വിഷയം ഗൗരവമായി അധികാരികളുമായി സംസാരിക്കുന്നുണ്ടെന്ന് പറഞ്ഞു. വിഷയത്തില്‍ അങ്ങേക്ക് നിവേദനം നല്‍കാന്‍ തീരുമാനിച്ചിരുന്നുവെന്ന് അറിയിച്ചപ്പോള്‍ ‘എവിടെ, തരൂ’ എന്നായി അദ്ദേഹം. വീട്ടില്‍ വരുമ്പോള്‍ നിവേദനം നല്‍കേണ്ട എന്ന് ചില ദേശീയ ഉദ്യോഗസ്ഥര്‍ പറഞ്ഞു എന്നറിയിച്ചപ്പോള്‍ നാളെ രാവിലെ ഗസ്റ്റ് ഹൗസില്‍ എത്തണമെന്ന് എന്നോട് ആവശ്യപ്പെട്ടു. ഞങ്ങളുടെ ചായ സത്കാരം സ്വീകരിച്ച ശേഷം വീട്ടുകാര്‍ക്കൊപ്പം ഫോട്ടോ എടുത്ത അദ്ദേഹം അടുത്ത പരിപാടിക്കായി യാത്ര പറഞ്ഞിറങ്ങി.


അദ്ദേഹം പറഞ്ഞതു പ്രകാരം പിറ്റേന്നു രാവിലെ 6.45 ന് ഗസ്റ്റ്ഹൗസിനു മുന്നില്‍ നിലയുറപ്പിച്ചു. സന്ദര്‍ശക ലിസ്റ്റില്‍ ഏറ്റവും അവസാനമായാണ് ഗെയ്റ്റിനുള്ളില്‍ പ്രവേശിച്ചത്. തിരക്കും ബഹളവും കണ്ടങ്ങനെ നില്‍ക്കുമ്പോഴുണ്ട് മൂന്നാമതായി പെട്ടെന്ന് അകത്തേക്ക് ക്ഷണിച്ചു.
ദിനവും ധാരാളം ആളുകളെ കാണുന്ന രാഹുല്‍ജിക്ക് മുഖം മറന്നു പോയിട്ടുണ്ടാകുമെന്ന് കരുതി നില്‍ക്കുമ്പോഴതാ അദ്ദേഹത്തിന്റെ ചോദ്യം: “Hai, young lady, yesterday we had met from shahla’s house know”. . കേട്ടപ്പോള്‍ അത്ഭുതം തോന്നി. നിവേദനം കൊടുത്തപ്പോള്‍ മെഡിക്കല്‍ കോളജ് വിഷയത്തില്‍ അദ്ദേഹം മുന്നോട്ടു വെച്ച നിര്‍ദേശങ്ങള്‍ വിവരിച്ചു. ഹസ്തദാനം നല്‍കി തിരിഞ്ഞു നടക്കുമ്പോള്‍ വീണ്ടും അദ്ദേഹം ചോദിച്ചു: വേറെ എന്തെങ്കിലും പറയാനുണ്ടോ? മെഡിക്കല്‍ കോളജ് വിഷയത്തില്‍ വയനാട്ടില്‍ ജനകീയ കണ്‍വെന്‍ഷന്‍ നടത്താന്‍ ഉദ്ദേശിക്കുന്നുവെന്ന് ഞാന്‍ പറഞ്ഞപ്പോള്‍, Go head, you have a great potential to lead a protest and full support from me”. ‘. ആ നിമിഷത്തെ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു.
മെഡിക്കല്‍ കോളജ് വിഷയത്തില്‍ കല്ലെറിയുന്ന ആയിരം പേര്‍ക്കു നടുവില്‍ കരുത്തു പകരാന്‍ ഇതു പോലൊരു ശക്തമായ വാക്ക് മതി പിടിച്ചു നില്‍ക്കാന്‍ എന്ന് ചിന്തിച്ചു exit door ലക്ഷ്യമാക്കി നടക്കുമ്പോള്‍ അതാ വീണ്ടും രാഹുല്‍ജിയുടെ പിന്‍വിളി.  ‘You are a journalist know’. . ഞാന്‍ പറഞ്ഞു:  Yes Rahulji. . അപ്പോള്‍ അദ്ദേഹം: താങ്കള്‍ എഴുതണം, ഇതുപോലുള്ള വിഷയങ്ങളില്‍ ഇടപ്പെടണം, മെഡിക്കല്‍ കോളജ് നമുക്ക് യാഥാര്‍ത്ഥ്യമാക്കണം. ആയിരം അവാര്‍ഡുകളേക്കാള്‍ കരുത്തു പകരുന്നതായിരുന്നു ആ വാക്കുകള്‍. ഞാനൊരു മാധ്യമപ്രവര്‍ത്തകയാണെന്നു കൂടി അദ്ദേഹം ഓര്‍ത്തുവെച്ചിട്ടുണ്ട് എന്നറിഞ്ഞതില്‍ അഭിമാനം തോന്നി, ഒപ്പം മനസ്സു നിറയെ സന്തോഷവും.