വയനാട്ടില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് രാഹുല്‍

കല്‍പ്പറ്റ: വയനാട്ടിലെ റെക്കോര്‍ഡ് വിജയത്തിനു ശേഷം വയനാട്ടില്‍ സജീവ ഇടപെടലുകളുമായി നിയുക്ത എം.പിയും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ഗാന്ധി. വയനാട്ടില്‍ കടബാധ്യതതയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കുടുംബത്തെ രാഹുല്‍ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ചു. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത വി.ഡി. ദിനേശിന്റെ ഭാര്യയേയും മകളേയുമായാണ് രാഹുല്‍ ഗാന്ധി ഫോണില്‍ വിളിച്ച് സംസാരിച്ചത്. വയനാടിനുവേണ്ടി രാഹുല്‍ ഗാന്ധി തുടങ്ങിയ പ്രത്യേക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വിവരം പങ്കുവെച്ചത്.

മരണ വാര്‍ത്ത ദുഃഖത്തോടെയാണ് കേട്ടത്. അദ്ദേഹത്തിന്റെ ഭാര്യ സുജിതയുമായി ഫോണില്‍ സംസാരിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.മകള്‍ സുദര്‍ശനയോടു അമ്മയുടെ ആരോഗ്യ വിവരങ്ങള്‍ തിരക്കി.കുടുംബത്തിന്റെ ദുഃഖത്തില്‍ ഞാനും പങ്കുചേരുന്നുവെന്ന് രാഹുല്‍ ഗാന്ധി കുറിച്ചു.

പനമരം നീര്‍വാരം സ്വദേശി വി.ഡി. ദിനേശന്‍ കഴിഞ്ഞ ദിവസമാണ് വിഷം കഴിച്ച് മരിച്ചത്. വിവിധ ബാങ്കുകളില്‍ നിന്ന് വായ്പ എടുത്തിരുന്ന ദിനേശിന് റവന്യു റിക്കവറി നോട്ടീസ് ലഭിച്ചിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.