രാഹുലിന്റെ പരാമര്‍ശത്തില്‍ ബിജെപിയെ വെട്ടിലാക്കി മോദിയുടെ വീഡിയോ ക്ലിപ്പ്

ന്യൂഡല്‍ഹി: റേപ്പ് പരാമര്‍ശത്തില്‍ രാഹുല്‍ഗാന്ധി മാപ്പു പറയണമെന്ന ആവശ്യത്തോട് പ്രതികരിച്ച് രാഹുല്‍ ഗാന്ധി. മാപ്പു പറയില്ലെന്ന് വ്യക്തമാക്കിയ കോണ്‍ഗ്രസ് നേതാവ് മോദിയുടെ പഴയ വീഡിയോ ക്ലിപ്പും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. രാഹുല്‍ ഗാന്ധിക്കെതിരെ സ്മൃതി ഇറാനിയുടെ നേതൃത്വത്തില്‍ ലോക്‌സഭയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഴയ പ്രസംഗത്തിന്റെ വിഡിയോയും രാഹുല്‍ ട്വീറ്റ് ചെയ്തു. ഡല്‍ഹിയെ ബലാത്സംഗ തലസ്ഥാനമാക്കി മാറ്റിയതിനു മാപ്പു പറയണമെന്നു മോദി പറയുന്ന വിഡിയോയാണു പോസ്റ്റ് ചെയ്തിരിക്കുന്നത്. വടക്കുകിഴക്കു സംസ്ഥാനങ്ങളിലെ സംഘര്‍ഷത്തിനും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തകര്‍ത്തതിനും ഈ പ്രസംഗത്തിനും മോദി മാപ്പു പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും ശ്രമിക്കുന്നത്. ഞാന്‍ മാപ്പു പറയില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിലാണ് രാഹുല്‍ പ്രസ്താവന നടത്തിയത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന സാഹചര്യം സൂചിപ്പിച്ചാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. ‘നരേന്ദ്ര മോദി പറയുന്നത് മെയ്ക് ഇന്‍ ഇന്ത്യ എന്നാണ്. എന്നാല്‍, എവിടെ നോക്കിയാലും റേപ് ഇന്‍ ഇന്ത്യ എന്നതാണ് ഇന്ന് കാണാന്‍ കഴിയുന്നത്. ഉത്തര്‍പ്രദേശില്‍ മോദിയുടെ എം.എല്‍.എയാണ് ബലാത്സംഗം ചെയ്തത്. പിന്നീട് ഇവര്‍ക്ക് വാഹനാപകടമുണ്ടായി. എന്നാല്‍, നരേന്ദ്ര മോദി ഇക്കാര്യത്തില്‍ ഒരു വാക്കുപോലും പറഞ്ഞിട്ടില്ല.’ എന്നിങ്ങനെയായിരുന്നു രാഹുല്‍ പറഞ്ഞത്.

SHARE