കനത്ത മഴ; തമിഴ്‌നാട്ടില്‍ മരണസംഖ്യ ഉയരുന്നു,ഇതുവരെ നഷ്ടമായത് 25 ജീവനുകള്‍

തമിഴ്‌നാട്ടില്‍ മഴ നാശം വിതയ്ക്കുന്നു. രണ്ട് ദിവസമായി തുടരുന്ന മഴയില്‍ ഇതുവരെ 25 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. രാവിലെ കനത്ത മഴയില്‍ ഭിത്തി തകര്‍ന്ന് പത്ത് സ്ത്രീകളും രണ്ട് കുട്ടികളുമടക്കം 17 പേര്‍ മരിച്ചിരുന്നു. കോയമ്പത്തൂരിലാണ് സംഭവം നടന്നത്. കനത്ത മഴയെത്തുടര്‍ന്ന് 15 അടി ഉയരമുള്ള സ്വകാര്യ കോമ്പൗണ്ടിന്റെ മതിലിന്റെ ഒരു ഭാഗം തൊട്ടടുത്തുള്ള വീടുകളിലേക്ക് വീഴുകയായിരുന്നു. നാട്ടുകാരുടെയും പോലീസിന്റെയും സഹായത്തോടെയാണ് ഭിത്തിക്കടിയില്‍ നിന്ന മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

മതില്‍ തകര്‍ന്ന് മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി കെ. പളനിസ്വാമി അനുശോചനം രേഖപ്പെടുത്തി. ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ വീതം ആശ്വാസം പ്രഖ്യാപിച്ചു.കോമ്പൗണ്ട് മതില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ പ്രതിക്ഷേധവുമായി രംഗത്തെത്തിയിരുന്നു.നിയമവിരുദ്ധമായാണ് നിര്‍മാണമെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് കളക്ടര്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ മഴയുടെ ശക്തി കുറയാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.

SHARE