രാജസ്ഥാനില്‍ മുസ്‌ലിം യുവാവിന്റെ സ്വകാര്യഭാഗത്ത് ഇരുമ്പുദണ്ഡ് കുത്തിക്കയറ്റി; ക്രൂരമര്‍ദ്ദനം

ജയ്പൂര്‍: രാജസ്ഥാനില്‍ മുസ്ലിം യുവാവിന്റെ സ്വകാര്യഭാഗത്ത് ഇരുമ്പ്ദണ്ഡ് കുത്തിക്കയറ്റിയതായി പരാതി. 22കാരനായ മുസ്ലീം യുവാവിനെയാണ് ക്രൂരമായി മര്‍ദ്ദിക്കുകയും ഇരുമ്പുദണ്ഡ് സ്വകാര്യഭാഗത്ത് അടിച്ചു കയറ്റുകയും ചെയ്തത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലാണ് സംഭവം. ജനുവരി 29ന് നടന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് വാര്‍ത്തയായത്. ദലിത് യുവാവിന്റെ മലദ്വാരത്തില്‍ സ്‌ക്രൂ െ്രെഡവര്‍ കുത്തിക്കയറ്റിയ സംഭവം നടന്നതിനോട് അടുപ്പിച്ചുളള ദിവസമാണ് ഇതും അരങ്ങേറിയത്. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതിന്റെ പേരില്‍ മൂന്നു പേര്‍ ചേര്‍ന്നാണ് ആക്രമണം അഴിച്ചുവിട്ടത്.

വ്യാഴാഴ്ച മുസ്ലീം യുവാവിന്റെ സഹോദരനാണ് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. തന്റെ സഹോദരനെ തട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കി എന്നതാണ് പരാതിയുടെ ഉളളടക്കം. ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയി മൂന്ന് പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും ഇരുമ്പുദണ്ഡ് സ്വകാര്യഭാഗത്ത് കുത്തിക്കയറ്റി എന്നും പരാതിയില്‍ പറയുന്നുണ്ട്.

സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇക്കാര്യം യുവാവ് വീട്ടില്‍ പറഞ്ഞിരുന്നില്ല. എന്നാല്‍ ആക്രമണത്തിന്റെ വീഡിയോ വൈറലായതോടെ, പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്തതായി പൊലീസ് പറയുന്നു. ഇവരെ ചോദ്യം ചെയ്തു വരികയാണ്.

SHARE