പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കി രാജസ്ഥാനും

ജയ്പൂര്‍: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാനൊരുങ്ങി രാജസ്ഥാന്‍ നിയമസഭയും. കേരളത്തിനും പഞ്ചാബിനും പിന്നാലെയാണ് രാജസ്ഥാന്റേയും നീക്കം. നിയമസഭയില്‍ വെള്ളിയാഴ്ച തുടങ്ങുന്ന ബജറ്റ് സെഷനില്‍ പ്രമേയം അവതരിപ്പിക്കുമെന്ന് ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് ഒരു പുനര്‍ചിന്ത വേണമെന്ന് ഞങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണ്. പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നതാണെന്നും സച്ചിന്‍പൈലറ്റ് പറഞ്ഞു. അങ്ങനെ ചെയ്യുമ്പോള്‍ അവരെ ആക്രമിക്കുകയും ദേശവിരുദ്ധരായി ചിത്രീകരിക്കുകയുമാണ് ചെയ്യുന്നതെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

ഈ ബജറ്റ് സെഷനില്‍ തന്നെ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം രാജസ്ഥാന്‍ നിയമസഭ പാസാക്കും. രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ വലിയ ആകലുതകളാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നിയമസഭയില്‍ സിഎഎക്കെതിരെയുള്ള പ്രമേയത്തെ എതിര്‍ക്കുമെന്ന് ബിജെപി അറിയിച്ചു.

പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കണമെന്ന് നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയോഗം വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു. കേരളമാണ് പൗരത്വ നിയമ ഭേദദതിക്കെതിരെ ആദ്യം പ്രമേയം പാസാക്കിയത്. പിന്നീട് കേരളത്തിന്റെ മാതൃക സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 11 മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതിയിരുന്നു.

കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന പഞ്ചാബില്‍ നിയമസഭ പ്രമേയം പാസാക്കിയത് കോണ്‍ഗ്രസ് ഭരണത്തിലുള്ള രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലും സമാനരീതിയില്‍ പ്രമേയം കൊണ്ടു വരാനുള്ള സാധ്യതകള്‍ വര്‍ധിപ്പിച്ചിരുന്നു. ഇപ്പോള്‍ സമാനമായി രാജസ്ഥാനിലും പ്രമേയം വരുന്നതോടെ ബിജെപി ഇതര സര്‍ക്കാരുകളുള്ള മറ്റ് സംസ്ഥാനങ്ങളും ഇതേ മാര്‍ഗ്ഗം സ്വീകരിച്ചേക്കും.

SHARE