പൗരത്വ ബില്‍ രാജ്യത്ത് വിഭാഗീയത സൃഷ്ടിക്കും: ചെന്നിത്തല

കോട്ടയം: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പൗരത്വ ബില്‍ രാജ്യത്ത് വിഭാഗീയത സൃഷ്ടിക്കുമെന്ന് സംസ്ഥാന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘പൈതൃകങ്ങളുടെ അക്ഷരനഗരി’ എന്ന ശീര്‍ഷകത്തില്‍ പ്രസ്‌ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ നടന്ന ചരിത്ര സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൗരത്വ ബില്‍ യഥാര്‍ത്ഥത്തില്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണ്.ഒരിക്കലും ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലാകരുത് പൗരത്വം നിര്‍ണ്ണയിക്കേണ്ടത്. മതന്യൂനപക്ഷങ്ങളെ അക്രമിക്കപ്പെടുകയാണ്. മതേതരത്വവും ജാനാധിപത്യവും ഇല്ലായ്മ ചെയ്യാനാണ് ഭരണകൂടം ശ്രമിക്കുന്നത്.ജനാധിപത്യത്തില്‍ ഭരണാധികാരി ഏകാധിപതിയാകുന്നത് രാജ്യത്തിന്റെ ശാപമാണ്. എതിര്‍ അഭിപ്രായത്തില്‍ ശബ്ദിക്കുന്നവരെയും പൗരാവകാശങ്ങളെയും ഇല്ലാതാക്കുന്നു. വ്യാജ ഏറ്റുമുട്ടലുകള്‍ ഉണ്ടാക്കി ജനങ്ങളെ വെടിവെച്ച് കൊല്ലുകയാണ്. ഏഴ് പേരെ വെടിവെച്ച് കൊന്ന അമിത് ഷായും പിണറായി വിജയനും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. മാവേയിസത്തെ എതിര്‍ക്കേണ്ടത് തന്നെയാണ്. അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമായിരുന്നു. താന്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ രൂപേഷിന്റെയും ഷൈനിയുടെയും കാര്യത്തില്‍ അതാണ് സ്വീകരിച്ചതെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.

കാമ്പസ് രാഷ്ട്രീയത്തില്‍ജനാധിപത്യത്തെ ഇല്ലാതാക്കുന്ന തരത്തില്‍ അക്രമങ്ങള്‍ നടക്കുന്നുണ്ട്. ഒരു വശത്ത് എസ് എഫ് ഐയും മറുവശത്ത് എ ബി വി പിയും പിന്നെ കാമ്പസ് ഫ്രണ്ട് പോലുള്ള സംഘടനകളുമുണ്ട്. കാമ്പസ് സ്വതന്ത്രചിന്തയുടെ ഉറവിടങ്ങളാണ്. ഇവിടെ ജനാധിപത്യ മുന്നേറ്റങ്ങള്‍ക്ക് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ നേതൃത്വം നല്‍കണം. എം എസ് എഫ് കരുത്തുറ്റ പ്രസ്ഥാനമാണ്. ഒട്ടേറെ സമര പോരാട്ടങ്ങളുടെ ചരിത്രമാണ് എം എസ് എഫിനുള്ളതെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

സെമിനാറില്‍ എം എസ് എഫ് ജില്ലാ പ്രസിഡന്റ് ബിലാല്‍ റഷീദ് അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി അസ്‌ലം കെ എച്ച് സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായില്‍ മുഖ്യാതിഥിയായി. എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷബീര്‍ ഷാജഹാന്‍ പ്രമേയ പ്രഭാഷണം നടത്തി.കലാകേരളത്തിന് അക്ഷരനഗരിയുടെ സംഭാവനകള്‍ എന്ന വിഷയത്തില്‍ സിനിമ സംവിധായകന്‍ ജോസ് തോമസ്, അക്ഷര നഗരിയുടെ അച്ചടി പൈതൃകം എന്ന വിഷയത്തില്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് മുന്‍ ഡയറക്ടര്‍ ഡോ.പോള്‍ മണലില്‍ എന്നിവര്‍ പ്രഭാഷണം നടത്തി.

മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റംഗം ഹാജി പി എം ഷെരീഫ്,ജില്ലാ ജനറല്‍ സെക്രട്ടറി റഫീഖ് മണിമല,ഈരാറ്റുപേട്ട നഗരസഭ ചെയര്‍മാന്‍ വിഎം സിറാജ്,എം എസ് എഫ് സംസ്ഥാന പ്രവര്‍ത്തകസമിതിയംഗങ്ങളായ അമീന്‍ പി എം,മുഹമ്മദ് ജിഫ്രി,മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹികളായ പി എം സലിം,കുഞ്ഞുമോന്‍ കെ മേത്തര്‍,പി എസ് ബഷീര്‍,അസീസ് കുമാരനല്ലൂര്‍,കെ എ മാഹീന്‍,അഡ്വ.പീര്‍ മുഹമ്മദ് ഖാന്‍ എന്നിവര്‍ പ്രസംഗിച്ചു. എം എസ് എഫ് ജില്ലാ സെക്രട്ടറി നൗഫല്‍ ഷെഫീഖ് നന്ദിയും പറഞ്ഞു.

SHARE