87 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളുടെ വിവരങ്ങള്‍ സ്പ്രിന്‍ക്ലര്‍ കമ്പനി ചോര്‍ത്തി; ചെന്നിത്തല

സ്പ്രിന്‍ക്ലര്‍ കമ്പനിയുമായി സര്‍ക്കാര്‍ ഉണ്ടാക്കിയത് തട്ടിക്കൂട്ട് കരാറാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡ് ബാധിച്ച് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ കമ്പനിക്കു നല്‍കണമെന്നായിരുന്നു തദ്ദേശ വകുപ്പിന്റെ ഉത്തരവ്. വിവരങ്ങള്‍ സ്പ്രിന്‍ക്ലറുടെ സെര്‍വറില്‍ ശേഖരിക്കാനും നിര്‍ദേശമുണ്ടായിരുന്നു.

വിവാദമായപ്പോള്‍, കമ്പനിയുടെ സബ് ഡൊമൈനില്‍നിന്ന് സര്‍ക്കാര്‍ വിലാസത്തിലുള്ള പുതിയ സബ് ഡൊമൈനിലേക്കു വിവരങ്ങള്‍ മാറ്റിയതായി ഐടി വകുപ്പ് വിശദീകരിച്ചെങ്കിലും ഇതു സംബന്ധിച്ച ഉത്തരവ് തദ്ദേശവകുപ്പില്‍നിന്ന് ഇറങ്ങിയിട്ടില്ല. ഇനി ഉത്തരവിറങ്ങിയാലും ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ പോകുന്നത് സ്പ്രിന്‍ക്ലര്‍ കമ്പനിയുടെ സെര്‍വറിലേക്കായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ട് 2 വര്‍ഷമായി അമേരിക്കയില്‍ സ്പ്രിന്‍ക്ലര്‍ കമ്പനി നിയമനടപടി നേരിടുകയാണ്. ഈ കമ്പനിയെ സര്‍ക്കാര്‍ എങ്ങനെയാണ് തിരഞ്ഞെടുത്തതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. സര്‍ക്കാര്‍ ഇപ്പോള്‍ പുറത്തുവിട്ട രേഖകള്‍ ഇ-മെയില്‍ സന്ദേശങ്ങള്‍ മാത്രമാണ്. സ്പ്രിന്‍ക്ലറുടെ സേവനം സൗജന്യമല്ലെന്ന് കരാറില്‍ പറയുന്നുണ്ട്. കോവിഡ് രോഗബാധ കഴിഞ്ഞാല്‍ എന്തു തുക ഈടാക്കുമെന്ന് അന്നു തീരുമാനിക്കുമെന്നും കരാറിലുണ്ട്. ജനങ്ങളെ കബളിപ്പിക്കാനുള്ള കരാറാണിത്. സൗജന്യ സേവനമെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. റേഷന്‍ കാര്‍ഡ് ഉടമകളായ 87 ലക്ഷം പേരുടെ വിവരങ്ങള്‍ ഈ കമ്പനിക്കു പോയതായി പ്രതിപക്ഷ നേതാവ് ആരോപിച്ചു.

തദ്ദേശ, ആരോഗ്യ മന്ത്രിമാര്‍ക്ക് ഈ കരാര്‍ സംബന്ധിച്ച് അറിവില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയോട് ചോദിച്ചാലും അവ്യക്തമായ മറുപടിയാണെന്നും കരാര്‍ സംബന്ധിച്ച ഫയല്‍ സര്‍ക്കാരിലില്ലെന്നാണു തനിക്ക് ലഭിച്ച വിവരമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രതിപക്ഷം ആരോപണം ഉന്നയിച്ചതിനു ശേഷമാണ് രേഖകള്‍ പുറത്തു വിടാന്‍ സര്‍ക്കാര്‍ തയാറായത്.

SHARE