ബലാത്സം​ഗക്കേസ്; ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി, അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

ബലാത്സം​ഗക്കേസ്; ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി, അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളയ്ക്കല്‍ അനുഭവിച്ചുവരുന്ന ജാമ്യം റദ്ദാക്കി. തുടര്‍ച്ചയായി കോടതിയില്‍ ഹാജരാവാന്‍ തയ്യാറാവാതായതോടെയാണ് നടപടി. കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതി കേസ് ഇന്ന് വീണ്ടും പരിഗണിച്ചെങ്കിലും ഫ്രാങ്കോ ഹാജരായിരുന്നില്ല. ഇതോടെയാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസില്‍ കോടതി നടപടി സ്വീകരിച്ചത്. ജാമ്യം റദ്ദാക്കിയതോടെ ബലാല്‍സംഗക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ അറസ്റ്റ് വാറണ്ട് നിലവില്‍ വരും. ജാമ്യക്കാര്‍ക്കെതിരെ കോടതി ഇന്ന് സ്വമേധയാ കേസ് എടുക്കുകയും ചെയ്തു. ജാമ്യത്തുക കണ്ടുകെട്ടാതിരിക്കാന്‍ കാരണം കാണിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസ് ആഗസ്റ്റ് 13ന് വീണ്ടും പരിഗണിക്കും.

കഴിഞ്ഞ തവണ ഫ്രാങ്കോ കോടതിയില്‍ ഹാജരായിരുന്നില്ല. തുടർച്ചയായി 14 തവണയാണ് ഫ്രാങ്കോ മുളയ്ക്കൽ വിചാരണയ്ക്ക് ഹാജരാകാതിരുന്നത്.

ജലന്ധറിലെ ബിഷപ്പ് ഹൗസ് സ്ഥിതിചെയ്യുന്ന പ്രദേശം കൊവിഡ് തീവ്രമേഖലയായി പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ യാത്രചെയ്യാന്‍ പ്രയാസമുണ്ടെന്നാണ് ഇതിന് കാരണമായി ബിഷപ്പ് അറിയിച്ചത്. എന്നാല്‍, പ്രദേശം കൊവിഡ് തീവ്രമേഖലയാണെന്ന ഫ്രാങ്കോയുടെ വാദം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പ്രോസിക്യൂഷന്‍ ഇന്ന് കോടതിയില്‍ ഹാജരാക്കി. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റ വിടുതല്‍ ഹരജി ഹൈക്കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. ബിഷപ്പ് വിചാരണ നേരിടണമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. കുറ്റവിമുക്തനാക്കണമെന്ന പ്രതിയുടെ ആവശ്യം നിലനില്‍ക്കില്ലെന്നും ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ കഴമ്പില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഉത്തരവ്.

NO COMMENTS

LEAVE A REPLY