രണ്ടാമൂഴം; ശ്രീകുമാര്‍ മേനോന് തിരിച്ചടി; വിലക്ക് നിലനില്‍ക്കും

കോഴിക്കോട്: എം.ടിയുടെ രണ്ടാമൂഴത്തിന്റെ തിരകഥയുമായി ബന്ധപ്പെട്ട കേസില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന് തിരിച്ചടി. കേസില്‍ ആര്‍ബിട്രേറ്റര്‍ വേണമെന്ന ശ്രീകുമാര്‍ മേനോന്റെ ആവശ്യം കോടതി തള്ളി. കോഴിക്കോട് ഫാസ്റ്റ് ട്രാക്ക് കോടതിയാണ് സംവിധായകന്റെ ആവശ്യം തള്ളിക്കളഞ്ഞത്. ഇതോടെ തിരക്കഥ ഉപയോഗിക്കരുതെന്ന വിലക്ക് നിലനില്‍ക്കും.

രണ്ടാമൂഴം നോവലിന്റെ തിരക്കഥ കൈമാറുന്നത് സംബന്ധിച്ച് എംടി വാസുദേവന്‍ നായര്‍ നല്‍കിയ ഹര്‍ജിയിലും കോടതി ഇന്ന് വിധി പറഞ്ഞേക്കും. കേസ് തീര്‍ക്കാന്‍ ജഡ്ജിയുടെ മധ്യസ്ഥം വേണമെന്ന സംവിധായകന്റെ ആവശ്യം റദ്ദാക്കണമെന്ന് കാട്ടിയാണ് എംടി ഹര്‍ജി നല്‍കിയത്.

കരാര്‍ കാലാവധി കഴിഞ്ഞിട്ടും രണ്ടാമൂഴം സിനിമയുടെ ചിത്രീകരണം തുടങ്ങാത്തതിനാലാണ് ശ്രീകുമാര്‍ മേനോനെ എതിര്‍ കക്ഷിയാക്കി എംടി കോടതിയെ സമീപിച്ചത്. തിരക്കഥ ഉപയോഗിക്കുന്നത് കോഴിക്കോട് അഡീഷണല്‍ മുന്‍സിഫ് കോടതി നേരത്തെ തടഞ്ഞിരുന്നു.