മയക്കു മരുന്ന് നല്‍കി 190 പുരുഷന്മാരെ ലൈംഗിക പീഡനത്തിനിരയാക്കി; പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ

ലണ്ടന്‍: നിരവധി പുരുഷന്മാരെ മയക്കു മരുന്ന് നല്‍കി ലൈംഗിക പീഡനത്തിനിരയാക്കിയ സീരിയല്‍ റേപ്പിസ്റ്റ് പിടിയില്‍. 36 കാരനായ റെയ്ന്‍ ഹാര്‍ഡ് സിനഗയാണ് അറസ്റ്റിലായത്. പീഡന ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഈ വീഡിയോകളുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് പിടികൂടിയത്. മാഞ്ചസ്റ്റര്‍ സിറ്റിയിലാണ് സംഭവം. രണ്ടര വര്‍ഷത്തിനുളളിലാണ് റെയ്ഡ് ഹാര്‍ഡ് ഇത്രയധികം പേരെ പീഡനത്തിനിരയാക്കിയത്.

നിരവധി വിചാരണകളുടെ അടിസ്ഥാനത്തില്‍ യുകെ കോടതി ഇയാള്‍ക്ക് മരണം വരെ ജീവപര്യന്തം ശിക്ഷയും വിധിച്ചു. മാഞ്ചസ്റ്റര്‍ ക്ലബുകളില്‍ മദ്യപിക്കാനെത്തുന്ന ചെറുപ്പക്കാരായ യുവാക്കളെയാണ് ഇയാള്‍ പീഡനത്തിനിരയാക്കിയിരുന്നത്. യുവാക്കള്‍ക്ക് ഉറങ്ങാനും മൊബൈല്‍ ചാര്‍ജ് ചെയ്യാനും സഹായം വാഗ്ദാനം ചെയ്ത് ഇവരെ വീട്ടിലെത്തിക്കും. വീട്ടിലെത്തുന്ന യുവാക്കള്‍ക്ക് ഇയാള്‍ കുടിക്കാന്‍ മയക്കു മരുന്ന് ചേര്‍ത്ത മദ്യം നല്‍കിയ ശേഷമാണ് പീഡനത്തിന് ഇരയാക്കിയിരുന്നത്.

2017 ജൂണിലാണ് സംഭവം വെളിച്ചത്തു വന്നത്. ലൈംഗിക പീഡനത്തിനിടെ 18 വയസുള്ള യുവാവ് ഉണരുകയായിരുന്നു. സിനഗയെ മര്‍ദിച്ച ശേഷം യുവാവ് വീട്ടില്‍ നിന്നിറങ്ങിയോടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പീഡനത്തിനിരയാക്കിയവരുടെ തിരിച്ചറിയല്‍ കാര്‍ഡുകളും പീഡന ദൃശ്യങ്ങളും ഇയാള്‍ മൊബൈലില്‍ സൂക്ഷിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ പൊലീസ് ഇത് കണ്ടെത്തി. പീഡനത്തിനിരയായ വിവരം പലര്‍ക്കും അറിയില്ലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. 190 ഓളം പേരെ ഇയാള്‍ പീഡനത്തിനിരയാക്കി. ഇതില്‍ 70 ഓളം പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റുള്ളവര്‍ക്കായി അന്വേഷണം നടക്കുന്നുണ്ട്.

ഇന്തോനേഷ്യയില്‍ ജനിച്ചു വളര്‍ന്ന സിനഗ വിദ്യാര്‍ഥി വിസയില്‍ 2007ലാണ് മാഞ്ചസ്റ്ററിലെത്തിയത്. മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സോഷ്യോളജയില്‍ ഇയാള്‍ ബിരുദം നേടിയിട്ടുണ്ട്. 2012ല്‍ ലീഡ്‌സ് യൂണിവേഴ്‌സിറ്റിയില്‍ ജ്യോഗ്രഫിയില്‍ ഡോക്ടറേറ്റിന് ചേര്‍ന്നു.

SHARE