റാഫേല്‍; സുപ്രീം കോടതി രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചോ? സത്യം ഇതാണ്

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ റഫാല്‍ കേസില്‍ സുപ്രീംകോടതി ആഞ്ഞടിച്ചുവെന്ന തരത്തില്‍ ചില മലയാള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് വിവാദമാകുന്നു. രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനം, കോടതി അദ്ദേഹത്തെ ആഞ്ഞടിച്ചു എന്ന രീതിയിലുള്ള തലക്കെട്ടും തലക്കു കൈവെച്ചു നില്‍ക്കുന്ന ചിത്രവും വെച്ചാണ് വാര്‍ത്തകള്‍ നല്‍കിയിരിക്കുന്നത്. റഫാലില്‍ രാഹുല്‍ ഗാന്ധി നല്‍കിയ ഹര്‍ജി തള്ളിപ്പോയി എന്ന പ്രതീതി സൃഷ്ടിക്കുന്ന വിധത്തിലുള്ളതാണ് ഈ തലക്കെട്ടുകളും അനുബന്ധ ചിത്രങ്ങളും.

എന്നാല്‍ രാഹുല്‍ ഗാന്ധിയോട്‌ കോടതി നടത്തിയ പരാമര്‍ശം ‘ചൗക്കിദാര്‍ ചോര്‍ ഹേ’ എന്ന പരാമര്‍ശത്തിനെതിരെ വന്ന ഹര്‍ജിയിന്മേലാണ്. ‘ചൗകിദാര്‍ ചോര്‍ ഹെ’ എന്ന പരാമര്‍ശവുമായി ബന്ധപ്പെട്ട് രാഹുല്‍ നടത്തിയ പരാമര്‍ശം കോടതിയലക്ഷ്യമാണെന്ന് പറഞ്ഞ് ബി.ജെ.പി നേതാവ് മീനാക്ഷി ലേഖി ഹര്‍ജി നല്‍കിയിരുന്നു. ആ വിഷയത്തില്‍ രാഹുല്‍ ഗാന്ധി നല്‍കിയ വിശദീകരണം അംഗീകരിക്കുന്നുവെന്ന് പറഞ്ഞ് കേസ് കോടതി അവസാനിപ്പിച്ചു. സുപ്രീം കോടതിയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളില്‍ രാഹുല്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും കോടതി പറഞ്ഞു.

ഇതാണ് റഫാലുമായി കൂട്ടിക്കെട്ടി വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. റഫാല്‍ ഇടപാടില്‍ അന്വേഷണം വേണമെന്ന ആവശ്യം തള്ളിയ കോടതി വിധി പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രശാന്ത് ഭൂഷണ്‍, യഷ്വന്ത് സിന്‍ഹ തുടങ്ങിയവരാണ് കോടതിയെ സമീപിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകളും പ്രഷാന്ത് ഭൂഷണ്‍ സമര്‍പ്പിച്ചു. പക്ഷേ ഹര്‍ജി സുപ്രീംകോടതി തള്ളി. ഇതാണ് റിവ്യൂ ഹര്‍ജി തള്ളിയ വാര്‍ത്ത.

SHARE