കനത്ത മഴക്ക് സാധ്യത: പതിനൊന്ന് ജില്ലകളില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴക്ക് സാധ്യതയുള്ളതിനാല്‍ പതിനൊന്ന് ജില്ലകളില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കാസര്‍ക്കോട് ഒഴികെയുള്ള ജില്ലകളിലാണ് റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒഡീഷ്യ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം വീണ്ടും കേരളത്തിലേക്ക് നീങ്ങിയതോടെയാണ് കനത്ത മഴയ്ക്ക് സാധ്യത തെളിഞ്ഞത്. ആഗസ്റ്റ് 20 വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുള്ളതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.

സംസ്ഥാനത്ത് ഇന്നലെ മാത്രം 82,442 പേരെയാണ് രക്ഷപ്പെടുത്തിയത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ എണ്ണം നാലു ലക്ഷം കവിഞ്ഞു. എറണാകുളം ജില്ലയില്‍ മാത്രം 1.42 ലക്ഷം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്.

ഇപ്പോഴും ആയിരക്കണക്കിന് കുടുംബങ്ങളാണ് കുട്ടനാട്ടിലും സമീപ പ്രദേശങ്ങളിലുമായി ഒറ്റപ്പെട്ട് കഴിയുന്നത്. കുട്ടനാട്ടില്‍ ഇനിയും വെള്ളമുയരാന്‍ സാധ്യതയുള്ളതിനാല്‍ കുട്ടനാട്ടിലെ മുഴുവന്‍ ആളുകളേയും ക്യാമ്പുകളിലേക്ക് മാറ്റാനാണ് സര്‍ക്കാര്‍ തീരുമാനം.

SHARE