ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായിലിന്റെ ഉറ്റസുഹൃത്തായിരുന്ന മുത്തുവേല്‍ കരുണാനിധിയും മുസ്‌ലിം ലീഗും തമ്മിലുള്ള ബന്ധത്തിന് അരനൂറ്റാണ്ടിലധികം പഴക്കമുണ്ട്. ഇസ്മയില്‍ സാഹിബ് മരണപ്പെട്ട 1972 ഏപ്രില്‍ അഞ്ചിന് ചെന്നൈ കാന്‍ഡി ആസ്പത്രിയില്‍ മയ്യിത്ത് സന്ദര്‍ശിച്ച കരുണാനിധി പൊട്ടിക്കരഞ്ഞത് കൂടിനിന്നവരെയും കണ്ണീരിലാഴ്ത്തി. തന്റെ ‘ഏറ്റം അന്‍പുക്കൂറിയ (സ്‌നേഹമുള്ള) മഹാമനിതന്‍ മറന്തുവിട്ടാര്‍’ എന്ന് പറഞ്ഞായിരുന്നു കരുണാനിധിയുടെ വിലാപം. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് സ്ഥാപകനേതാവിന്റെ പേരില്‍ രീപീകരിച്ച രാജ്യത്തെ ഏക ജില്ലയാണ് തമിഴ്‌നാട് തഞ്ചാവൂരിലെ ‘നാഗൈ ഖാഇദേമല്ലത്ത്’. 1972ലായിരുന്നു ഇത്. കരുണാനിധിയായിരുന്നു അന്ന് തമിഴ്‌നാട് മുഖ്യമന്ത്രി. എന്നാല്‍ 1997ല്‍ വ്യക്തികളുടെ പേരുള്ള ജില്ലകളെല്ലാം മാറ്റിയപ്പോഴാണ് നാഗപട്ടണം എന്ന് പേര് മാറ്റിയത്.
മുസ്‌ലിംലീഗിന്റെ പ്രഥമ രൂപീകരണയോഗം 1948 മാര്‍ച്ച് പത്തിന് ചെന്നൈയിലായിരുന്നു.ദ്രാവിഡരാഷ്ട്രീയത്തില്‍ മുസ്‌ലിംലീഗിന്റെ പങ്ക് എത്ര വലുതാണെന്ന് തുറന്നുകാട്ടുന്നതായിരുന്നു കരുണാനിധിയും ഖാഇദേമില്ലത്തുമായുണ്ടായിരുന്നു ബന്ധം. തന്തൈപെരിയാറും അണ്ണാദുരൈയും കാമരാജും എം.ജി.ആറും കരുണാനിധിയുമെല്ലാം ഖാഇദേമില്ലത്തുമായി അളവില്ലാത്ത വ്യക്തിബന്ധമാണ് പുലര്‍ത്തിയിരുന്നത്. 1949ല്‍ ദ്രാവിഡ കഴകത്തില്‍ നിന്ന് പിരിഞ്ഞ അണ്ണാദുരൈയാണ് ഡി.എം.കെ രൂപീകരിക്കുന്നത്. അതുമുതല്‍ ഡി.എം.കെയും മുസ്‌ലിംലീഗും തമ്മില്‍ നല്ല ബന്ധമായിരുന്നു. ആ ബന്ധമാണ് കരുണാനിധിയിലെത്തിയത്. പെരിയാറിനും അണ്ണാദുരൈക്കും കാമരാജിനും കരുണാനിധിക്കുമെല്ലാം ഉറ്റ ബന്ധമാണ് ഖാഇദേമില്ലത്തും മുസ്‌ലിം ലീഗുമായി ഉണ്ടായിരുന്നത്. കരുണാനിധി ഇക്കാര്യം ഖാഇദേമില്ലത്തിനെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയില്‍ ഓര്‍ക്കുന്നുണ്ട്. ഖാഇദേമില്ലത്തിന്റെ ചെന്നൈയിലെ ഖബറിടത്തില്‍ പലപ്പോഴും ഈ നേതാക്കള്‍ എത്തുമായിരുന്നു.മുഖ്യമന്ത്രിമാരായിരുന്ന എ.ഐ.ഡി.എം.കെ നേതാക്കളായ എം.ജി.ആറും ജയലളിതയും ഇവിടം സന്ദര്‍ശിക്കുന്നത് പതിവായിരുന്നു. 1941ല്‍ മുഹമ്മദലി ജിന്ന പങ്കെടുത്ത ചെന്നൈ സമ്മേളനത്തിന് എല്ലാ വിധ ഒരുക്കങ്ങളും നടത്തിയതും ഖാഇദേമില്ലത്തായിരുന്നു. 1950ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ 29 നിയമസഭാംഗങ്ങളെ വിജയിപ്പിച്ച് പ്രതിപക്ഷനേതാവായ ഖാഇദേമില്ലത്തിനെ ഇതിന് സഹായിച്ചത് ദ്രാവിഡ രാഷ്ട്രീയവും കരുണാനിധിയടക്കമുള്ള ഡി.എം.കെ നേതൃത്വവുമായിരുന്നു. ഉത്തരേന്ത്യയില്‍ വര്‍ഗീയവാദികള്‍ മുസ്‌ലിംലീഗിനെ വര്‍ഗീയകക്ഷിയായി ദുഷ്പ്രചരണം നടത്തിയപ്പോള്‍ തമിഴ്‌നാട്ടിലും കേരളത്തിലും മറ്റും ഹിന്ദു -മുസ്‌ലിം സൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്നതില്‍ ഡി.എം.കെയും മുസ്‌ലിംലീഗും വഹിച്ച പങ്ക് നിസ്സീമമാണ്. ഇതില്‍ കരുണാനിധിയുടെ പങ്ക് പ്രത്യേകം എടുത്തുപറയേണ്ടതും. പില്‍ക്കാലം ഏറെക്കുറെ എല്ലാകാലത്തും മുസ്‌ലിംലീഗിനെ ഉറ്റ ഘടകക്ഷിയായാണ് കരുണാനിധിയും ഡി.എം.കെയും കണ്ടിരുന്നത്. ഒരുതവണ മാത്രം ബി.ജെ.പിയുമായി കരുണാനിധി സഖ്യമുണ്ടാക്കിയപ്പോള്‍ മാത്രമാണ് അല്‍പകാലത്തേക്ക് ബന്ധം ഉലഞ്ഞത്. 1999-2004 ലെ വാജ്‌പേയിയുടെ ഭരണകാലത്തായിരുന്നു ഇത്. മുസ്‌ലിം ലീഗിന്റെ തമിഴ്‌നാട്ടിലെ പല സമ്മേളനങ്ങളിലും കരുണാനിധി നേരിട്ടെത്തിുമായിരുന്നു. 1998ല്‍ ചെന്നൈയില്‍ നടന്ന ലീഗ് സുവര്‍ണജൂബിലി മഹാസമ്മേളനത്തില്‍ കരുണാനിധി ചരിത്രം അനുസ്മരിച്ചുകൊണ്ട് നടത്തിയ പ്രസംഗം ഏറെ ശ്രദ്ധേയമായിരുന്നു. ഇതായിരുന്നു പാര്‍ട്ടി അഖേലേന്ത്യാപ്രസിഡന്റ് ബനാത്‌വാല പങ്കെടുത്ത അവസാനപൊതുപരിപാടി.