സുശാന്തിന്റെ മരണം: നടി റിയ ചക്രവര്‍ത്തിയുടെ മൊഴി രേഖപ്പെടുത്തി- നടിയെ ചോദ്യം ചെയ്യുന്നത് രണ്ടാം തവണ

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തില്‍ സുഹൃത്തും നടിയുമായ റിയ ചക്രവര്‍ത്തിയുടെ മൊഴി രേഖപ്പെടുത്തി. സുശാന്തുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന റിയ, ബാന്ദ്രയിലെ പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് മൊഴി നല്‍കിയത്. ഇതു രണ്ടാം തവണയാണ് നടിയെ ചോദ്യം ചെയ്യുന്നത്. മരണവുമായി ബന്ധപ്പെട്ട് ഇതുവരെ 10 പേരുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്. ഇതില്‍ സുഹൃത്തുക്കളും ബന്ധുക്കളുമുണ്ട്.

മരണം ആത്മഹത്യയാണ് എന്ന് പൊലീസ് പറയുമ്പോഴും സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ഞായറാഴ്ചയാണ്, ബാന്ദ്രയിലെ ഫ്‌ളാറ്റില്‍ സുശാന്ത് സിങ് രാജ്പുതിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബോളിവുഡിലെ ഒറ്റപ്പെടുത്തലുകള്‍ സുശാന്തിന്റെ മരണത്തിനു കാരണമായെന്ന് ആരോപണമുണ്ടായിരുന്നു. ഇതേക്കുറിച്ച് വിശദ അന്വേഷണം നടത്തുമെന്നു പൊലീസ് അറിയിച്ചിരുന്നു. സുശാന്തിന്റെ അടുത്ത സുഹൃത്തും കാസ്റ്റിങ് ഡയറക്ടറുമായ മുകേഷ് ഛബ്ര ബോളിവുഡിലെ പ്രഫഷനല്‍ പോരുകളെപ്പറ്റി അറിയില്ലെന്ന് ബുധനാഴ്ച പൊലീസിനു മൊഴി നല്‍കിയിരുന്നു.

പട്‌നയിലെ ഇടത്തരം കുടുംബത്തില്‍ നിന്ന് ബോളിവുഡിലെത്തിയ സുശാന്തിന് സിനിമാ മേഖലയില്‍ പിടിച്ചുനില്‍ക്കാന്‍ ഒട്ടേറെ വെല്ലുവിളികളുണ്ടായിരുന്നെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബോളിവുഡിലെ പ്രഫഷനല്‍ പോരുകളെ പറ്റി പൊലീസ് അന്വേഷണം നടത്തുന്നത്. നടി കങ്കണ റണാവത്ത് അടക്കമുള്ളവര്‍ ഇക്കാര്യങ്ങളില്‍ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.

അതിനിടെ, സുശാന്തിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് ഫൊറന്‍സിക് സംഘത്തിനു കൈമാറിയിട്ടുണ്ട്. അവസാന ദിവസങ്ങളിലെ ഫോണ്‍ കോളുകളുടെ വിവരങ്ങള്‍ പരിശോധിച്ചുവരികയാണ്. റിയ ചക്രവര്‍ത്തി, സുഹൃത്തും നടനുമായ മഹേഷ് ഷെട്ടി, സഹോദരി, അച്ഛന്‍ കെ.കെ. സിങ് എന്നിവരെ മരണത്തിനു തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ നടന്‍ ബന്ധപ്പെട്ടിരുന്നു.