വെട്ടുകിളി ആക്രമണം പാക് പദ്ധതിയെന്ന് അര്‍ണബ് ഗോസ്വാമി; ട്രോളിതീര്‍ത്ത് സോഷ്യല്‍മീഡിയ

ന്യൂഡല്‍ഹി: വിവാദ പ്രസ്താവനകളിലും വിദ്വേഷ പ്രചരണത്തിലും കോടതി കയറിയ റിപബ്ലിക് ടി.വി അവതാരകന്‍ അര്‍ണബ് ഗോസ്വാമി വീണ്ടും വിവാദത്തില്‍.
പാക് മേഖലയില്‍ നിന്നും ദേശാടനം ആരംഭിച്ച വെട്ടുകിളികള്‍ കൃഷിയിടങ്ങളില്‍ നടത്തുന്ന അക്രമള്‍ക്കെതിരെ ഗോസ്വാമി നടത്തിയ വിശേഷണമാണിപ്പോള്‍ ട്രോളായിരിക്കുന്നത്. വെട്ടുകിളി ആക്രമണത്തെ പാക്ക് പദ്ധതിയെന്നാണ് അദ്ദേഹം ചര്‍ച്ചയില്‍ വിശേഷിപ്പിച്ചത്.

രാജസ്ഥാന്‍, പഞ്ചാബ്, ഡല്‍ഹി, ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ വ്യാപക വെട്ടുകിളി ശല്യം നേരിടുന്നത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയ വാര്‍ത്തയാണ്. മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും രൂക്ഷമായ വെട്ടുകിളി ആക്രമണമാണ് പല സംസ്ഥാനങ്ങളും നേരിടേണ്ടിവന്നത്.

ഇതോടെ, ഇന്നത്തെ ചാനല്‍ ചര്‍ച്ചയില്‍ രാജ്യത്ത് കൃഷി നശിപ്പിച്ചു കൊണ്ടിരിക്കുന്ന വെട്ടുകിളികള്‍ പാകിസ്താന്‍ അയച്ചതാണെന്നാണ് അര്‍ണബ് തള്ളിവിടുകയായിരുന്നു. ‘പാകിസ്താന്‍ വെട്ടുകിളികളെ അയച്ചുകൊണ്ട് ഇന്ത്യയെ ആക്രമിക്കാനുള്ള പദ്ധതിയിലാണെന്നും അവരുടെ വിളകള്‍ വെട്ടുകിളികള്‍ നശിപ്പിച്ചതിനാല്‍ പാകിസ്താനികള്‍ക്ക് ഇനി ‘വെട്ടുകിളി ബിരിയാണി’ തിന്നേണ്ടി വരുമെന്നും അര്‍ണബ് ചാനല്‍ ചര്‍ച്ചക്കിടെ പരിഹസിച്ചു. അര്‍ണബിന്റെ പുതിയ പരിഹാസം സോഷ്യല്‍ മീഡിയ സീരിയസാക്കി എടുത്ത മട്ടാണ്. അര്‍ണബ് ഗോസ്വാമിയുടെ പുതിയ കണ്ടെത്തലിനെതിരെ ട്വിറ്ററില്‍ അടക്കം സമൂഹ മാധ്യമങ്ങളില്‍ ട്രോളുകളും മീമുകളും നിറയുകയാണ്.

നേരത്തെ, പാല്‍ഘര്‍ ആള്‍ക്കൂട്ട ആക്രമണത്തെക്കുറിച്ചും കോണ്‍ഗ്രസ് പ്രസിഡന്റെ സോണിയ ഗാന്ധിയെക്കുറിച്ചും നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങളെ തുടര്‍ന്ന് പൊലീസ് കേസടക്കംപെട്ട് വിവാദത്തിലായിരുന്നു അര്‍ണബ്.

അതേസമയം, വെട്ടു കിളി ഭീഷണി രൂക്ഷമായ പശ്ചാത്തലത്തില്‍ കേന്ദ്ര കൃഷി മന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു.
വെട്ടുകിളികളെ പ്രതിരോധിക്കുന്നതിനായി ഡ്രോണുകള്‍, ഫയര്‍ ടെന്‍ഡറുകള്‍, സ്‌പ്രേയറുകള്‍ എന്നിവ ഉപയോഗിച്ച് 47000 ഹെക്ടര്‍ ഭൂമിയില്‍ കീടനാശിനി പ്രയോഗം നടത്തിയെന്ന് കൃഷി മന്ത്രാലയം അറിയിച്ചിട്ടുണ്ട്?. ആക്രമണം തടയാന്‍ വെട്ടുകിളി മുന്നറിയിപ്പ് ഓര്‍ഗനൈസേഷന്റെ 50 സംഘങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ സജീവമാണ്?. ഡല്‍ഹി, ഒഡിഷ, കര്‍ണാടക സംസ്ഥാനങ്ങളും കര്‍ഷകര്‍ക്ക് മുന്‍കരുതല്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെട്ടുകിളികള്‍ ദിവസത്തില്‍ 150 കിലോമീറ്റര്‍ സഞ്ചരിക്കും. ഒരു ചതുരശ്ര കിലോമീറ്റര്‍ കൂട്ടത്തില്‍ നാലുകോടി വെട്ടുകിളികളുണ്ടായേക്കും.

SHARE