ഇറാഖിലെ യു.എസ് എംബസിക്ക് സമീപം വീണ്ടും റോക്കറ്റ് ആക്രമണം

ബാഗ്ദാദ്: ഇറാഖിലെ യു.എസ് എംബസിക്ക് സമീപം വീണ്ടും റോക്കറ്റ് ആക്രമണം. ഞായറാഴ്ച രാത്രിയോടെയാണ് ആക്രമണമുണ്ടായത്. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ അതീവ സുരക്ഷാമേഖലയിലാണ് അഞ്ച് റോക്കറ്റുകള്‍ പതിച്ചത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വിദേശരാജ്യങ്ങളുടെ എംബസികള്‍ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ സോണിലാണ് റോക്കറ്റുകള്‍ പതിച്ചത്. ഒരു റോക്കറ്റ് എംബസിയുടെ കഫറ്റീരിയക്ക് സമീപമാണ് പതിച്ചത്. മറ്റ് നാല് റോക്കറ്റുകളും യു.എസ് എംബസിയുടെ സമീപം തന്നെയാണ് പതിച്ചത്.

ഇറാന്‍ സൈനിക ജനറല്‍ ഖാസിം സുലൈമാനിയെ വധിച്ചതിന് പിന്നാലെയാണ് യു.എസ് എംബസിക്ക് നേരെ തുടര്‍ച്ചയായ റോക്കറ്റ് ആക്രമണങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയും സമാനമായ ആക്രമണം നടന്നിരുന്നു. മൂന്ന് റോക്കറ്റുകളാണ് അന്ന് എംബസിക്ക് സമീപം പതിച്ചത്. എന്നാല്‍ ഇന്നലെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

SHARE