പാകിസ്താന്‍ കോച്ച് ആവുമ്പോള്‍ അതിനുള്ള മറുപടി പറയാം – രോഹിത്

കളത്തിലും കളത്തിന് പുറത്തും ഒരുപോലെ ഫോമിലാണ് രോഹിത് ശര്‍മ്മ. പാകിസ്താനെതിരായ മത്സരത്തില്‍ ഓപ്പണറായി ഇറങ്ങി 113 പന്തില്‍ 140 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. എന്നാല്‍ കളത്തിന് പുറത്തും രോഹിതിന്റെ പഞ്ച് ഹിറ്റ് കണ്ടു. മത്സരശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു ഇത്.

ഒരു പാക് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു രോഹിതിന്റെ കുറിക്കുകൊള്ളുന്ന മറുപടി. ഈ പ്രതിസന്ധിയില്‍ നിന്ന് പുറത്തുകടയ്ക്കാന്‍ പാക് ടീമിന് എന്ത് ഉപദേശമാണ് നല്‍കാനുള്ളത് എന്നതായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.

താന്‍ പാകിസ്താന്റെ കോച്ച് ആകുകയാണെങ്കില്‍ അതിനുള്ള മറുപടി പറയാമെന്നും ഇപ്പോള്‍ ഇക്കാര്യത്തില്‍ എന്തു പറയാനാണ് എന്നുമായിരുന്നു രോഹിതിന്റെ ഉത്തരം. ഇതുകേട്ട് എല്ലാവരും ചിരിക്കുന്ന ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം.