വ്യാജ പാസ്‌പോര്‍ട്ട്; റൊണാള്‍ഡീന്യോയെ ജയിലില്‍ നിന്ന് പുറത്തിറക്കാന്‍ മെസിയുടെ ഇടപെടല്‍

വ്യാജ പാസ്‌പോര്‍ട്ടുമായി പിടിയിലായ ഫുട്‌ബോള്‍ താരം റൊണാള്‍ഡീന്യോക്ക് സഹായം വാഗ്ദാനം ചെയ്ത് അര്‍ജന്റീന ഇതിഹാസതാരം മെസി. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഒരു കസിനോ ഉടമയുടെ ക്ഷണപ്രകാരം കുട്ടികള്‍ക്കുള്ള ഫുട്‌ബോള്‍ ക്ലിനികിന്റെ പരിപാടിക്കും ഒരു പുസ്തകം പുറത്തിറക്കുന്നതിനുമായാണ് റൊണാള്‍ഡീന്യോ വ്യാജ പാസ്‌പോര്‍ടുമായി പരഗ്വായിലെത്തിയത്. പോലീസ് അറസ്റ്റു ചെയ്ത താരത്തിന്റെ പേരിലുള്ള മറ്റു കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് റൊണാള്‍ഡീന്യോയെ ഇപ്പോള്‍ ജയിലില്‍ അടച്ചിരിക്കുന്നത്.

റൊണാള്‍ഡീന്യോയെ ജയിലില്‍ നിന്നും പുറത്തിറക്കുന്നതിനായി ബാഴ്‌സലോണ നായകന്‍ ലയണല്‍ മെസി തന്റെ എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തുവെന്നാണ് നിലവില്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റൊണാള്‍ഡീന്യോയുടെ കേസ് വാദിക്കുന്നതിനും താരത്തെ പുറത്തിറക്കുന്നതിനു വേണ്ടി നാലു അഭിഭാഷകരെ മെസി ഏര്‍പ്പാടാക്കുമെന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. റൊണാള്‍ഡീന്യോയെ പുറത്തിറക്കാന്‍ വേണ്ടി മെസ്സി നാല്‍പതു ലക്ഷം യൂറോയോയുടെ (33 കോടിയോളം ഇന്ത്യന്‍ രൂപ) അടുത്ത് ചിലവഴിക്കേണ്ടി വരുമെന്ന് കണക്കാക്കപ്പെടുന്നു.

മെസിയെ പൂര്‍ണ്ണതയിലെത്തിച്ച കളിക്കാരനായാണ് റൊണാള്‍ഡീന്യോയെ ഭൂരിഭാഗം ആളുകളും കണക്കാക്കുന്നത്. റൊണാള്‍ഡീന്യോ ലോകത്തിന്റെ നെറുകയില്‍ നില്‍ക്കുന്ന സമയത്താണ് മെസി സീനിയര്‍ ഫുട്‌ബോളിലേക്ക് ആദ്യ ചുവടു വെക്കുന്നത്. മെസി ബാഴ്‌സലോണ സീനിയര്‍ ടീമിനു വേണ്ടി ആദ്യത്തെ ഗോള്‍ നേടുമ്പോള്‍ അതിനു പന്തെത്തിച്ചത് റൊണാള്‍ഡീന്യോ ആയിരുന്നു. അവിടെ നിന്നും തുടങ്ങിയ മെസി ഇന്നു ചരിത്രത്തിലെ ഏറ്റവും വലിയ ഗോള്‍വേട്ടക്കാരില്‍ ഒരാളായും ആറു ബാലണ്‍ ഡി ഓര്‍ നേടിയ ഏക കളിക്കാരനായും നില്‍ക്കുന്നു. സ്വാഭാവികമായും റൊണാള്‍ഡീന്യോയോട് വലിയ കടപ്പാട് മെസിക്കുണ്ട്.

അതേ സമയം എപ്പോഴത്തെയും പോലെ ജയിലിലും റൊണാള്‍ഡീന്യോ തന്റെ ജീവിതം ആസ്വദിക്കുകയാണ്. പരഗ്വായ് ജയിലിലെ സഹതടവുകാര്‍ക്കൊപ്പം റൊണാള്‍ഡീന്യോ ബിയര്‍ കഴിക്കുന്നതിന്റെയും ഓട്ടോഗ്രാഫ് നല്‍കുന്നതിന്റെയും ചിത്രങ്ങള്‍ അടുത്തിടെ പുറത്തു വന്നിരുന്നു. ടാക്‌സ് സംബന്ധമായ കേസ് നിലനില്‍ക്കുന്നതിനാല്‍ റൊണാള്‍ഡീന്യോയുടെ പാസ്‌പോര്‍ട്ട് അടക്കം എല്ലാ സ്വത്തുക്കളും ബ്രസീലിയന്‍ പോലീസിന്റെ കയ്യിലാണ്. ഇതിനെത്തുടര്‍ന്നാണ് താരം വ്യാജ പാസ്‌പോര്‍ട്ടുമായി പരഗ്വായിലെത്തിയത്.