സഹിഷ്ണുതയോടെ കേരളം കാത്തിരിക്കേണ്ട വിധി

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

ശബരിമല കേസ് വിധിയുമായി ബന്ധപ്പെട്ട് ഏഴ് പരിഗണനാ വിഷയങ്ങള്‍ ഏഴംഗ വിശാല ഭരണഘടനാ ബഞ്ചിന് വിട്ടിരിക്കുകയാണ്. ചീഫ് ജസ്റ്റിസ് രഞ ്ജന്‍ ഗോഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റേതാണ് ഈ ഭൂരിപക്ഷ വിധി. വിശാല ഭരണഘടനാ ബഞ്ചിന്റെ തീരുമാനം വരുന്നതു വരെ ക്ഷമാപൂര്‍വം കാത്തിരിക്കാനുള്ള പക്വതയും സഹിഷ്ണുതയുമാണ് കേരളത്തോട് ആവശ്യപ്പെടുന്നത്; പ്രത്യേകിച്ച് ക്രമസമാധാന പാലന ചുമതലയുള്ള മുഖ്യമന്ത്രിയുടെ അവസരത്തിനൊത്തുയര്‍ന്നുള്ള രാജ്യതന്ത്രജ്ഞതയും.
ഇന്ത്യയാകെ കാത്തിരുന്ന അയോധ്യ കേസ് വിധിയുടെ തുടര്‍ച്ചയിലാണ് കേരളം ഒമ്പത് മാസത്തിലേറെയായി കാതോര്‍ത്തു കൊണ്ടിരുന്ന ഈ വിധി വന്നത്. ഈ രണ്ട് കേസുകളും മതവിശ്വാസവുമായി ബന്ധപ്പെട്ടതും അതോടൊപ്പം നിയമപരവും ഭരണഘടനാപരവുമായ അസ്തിവാരത്തിലൂന്നിയുള്ളതുമാണ്. ആദ്യത്തേത് രാജ്യത്തെ ഭൂരിപക്ഷ മതവിഭാഗവും ന്യൂനപക്ഷ മതവിഭാഗവും തമ്മിലുള്ള അതിവൈകാരിക പ്രശ്‌നമായി പതിറ്റാണ്ടുകള്‍ നീണ്ടതായിരുന്നു. എന്നിട്ടും വിധി വരുന്നതിനു മുമ്പു തന്നെ ഭരണഘടനാ ബഞ്ചിന്റെ വിധിയെ മാനിക്കാന്‍ ഇരുസമുദായത്തിലുമുള്ള മത നേതാക്കളും ജനാധിപത്യവാദികളും സ്വയം മുന്നോട്ടു വന്നു. ന്യൂനപക്ഷ വിഭാഗത്തെ വിശ്വാസപരമായി ബാധിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന ചില തീരുമാനങ്ങള്‍ അയോധ്യാ വിധിയില്‍ ഉണ്ടായിട്ടും ന്യൂനപക്ഷങ്ങള്‍ സുപ്രീം കോടതി വിധിയെ സ്വീകരിച്ച് നമ്മുടെ ഭരണഘടനയിലെ മതനിരപേക്ഷതയുടെ ചൈതന്യം ഉയര്‍ത്തിപ്പിടിച്ചു. ഹിന്ദുത്വവര്‍ഗീയതയുടെ രാഷ്ട്രീയ അജണ്ടയില്‍ ഊന്നി നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിനു പോലും വിധി ആരുടേയും വിജയമോ പരാജയമോ അല്ലെന്ന് പറയേണ്ടി വന്നു.

കഴിഞ്ഞ വര്‍ഷം ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുണ്ടായിരുന്ന അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് ശബരിമലയില്‍ യുവതി പ്രവേശം അനുവദിക്കുന്ന വിധി പുറപ്പെടുവിച്ചിരുന്നത്. അന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രമാണ് ന്യൂനപക്ഷ വിധിയെഴുതിയത്. ദീപക് മിശ്രക്ക് പകരം വന്ന ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബഞ്ചില്‍ അദ്ദേഹത്തിനൊപ്പം ഇന്ദു മല്‍ഹോത്രയും നേരത്തെ ഭൂരിപക്ഷ വിധിക്ക് ഒപ്പം നിന്ന എ.എന്‍ ഖാന്‍വില്‍ക്കറും ഭൂരിപക്ഷത്ത് ചേര്‍ന്നാണ് ഇപ്പോള്‍ വിധിയെഴുതിയത്. ജസ്റ്റിസ് നരിമാനും ജസ്റ്റിസ് ചന്ദ്രചൂഡും തങ്ങളുടെ 68 പേജ് വിധി ന്യായത്തില്‍ ലിംഗനീതിയും ഭരണഘടനാ ധാര്‍മികതയും അതിശക്തമായി ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. ഭരണഘടനയാണ് വിശുദ്ധ ഗ്രന്ഥമെന്ന് ജസ്റ്റിസ് നരിമാന്‍ അടിവരയിട്ട് പറഞ്ഞതും ഇന്നത്തെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ വളരെ പ്രധാനമാണ്.

ശബരിമലയില്‍ യുവതീ പ്രവേശം അനുവദിച്ചു കൊണ്ടുള്ള 2018 സെപ്തംബര്‍ 28 ലെ വിധിയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നം അയോധ്യാ കേസില്‍ നിന്ന് ഏറെ ഭിന്നമാണ്. ഹിന്ദു മത വിശ്വാസികളും ശബരിമല ക്ഷേത്രാചാരവുമായി ബന്ധപ്പെട്ട വിശ്വാസവുമാണ് ഈ കേസില്‍ ഉയര്‍ന്നു നില്‍ക്കുന്നത്. ഒരു നിലക്കും എതിര്‍ കക്ഷിയല്ലാത്ത സംസ്ഥാന ഗവണ്‍മെന്റ് അഥവാ സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി സ്വീകരിച്ച രാജ്യ തന്ത്രജ്ഞതയില്ലാത്ത നിലപാടാണ് പ്രശ്‌നം വര്‍ഗീയവല്‍ക്കരിച്ചതും ഗുരുതരമായ ക്രമസമാധാന വിഷയം ആക്കി മാറ്റിയതും എന്ന കേരളം കൃത്യമായി തിരിച്ചറിഞ്ഞതാണ്.

അതില്‍ നിന്ന് വ്യത്യസ്തമായി പുതിയൊരവസരം അഞ്ചംഗ ഭരണഘടനാ ബഞ്ച് 77 പേജുള്ള ചരിത്രപരമായ വിധിയിലൂടെ നല്‍കിയിരിക്കയാണ്. മതസ്വാതന്ത്ര്യമോ തുല്യതയോ വലുത്, ധാര്‍മികതയോ ഭരണഘടനാ ധാര്‍മികതയോ ഏതാണ് ശരി, മതാചാരം നിര്‍ണയിക്കേണ്ടത് കോടതിയോ മതാചാര്യന്മാരോ, അയ്യപ്പന്മാര്‍ പ്രത്യേക മതവിഭാഗമാണോ തുടങ്ങി ഏഴ് പരിണനാ വിഷയങ്ങളാണ് ഭരണഘടനയുടെ ഏഴംഗ വിശാല ബഞ്ചിന് മുമ്പില്‍ സമര്‍പ്പിച്ചിട്ടുള്ളത്. ഇതു സംബന്ധിച്ച പുതിയ വിശാല ഭരണഘടനാ ബഞ്ച് രൂപീകരിച്ച് ഈ വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നത് വരെ യുവതീപ്രവേശം സംബന്ധിച്ച അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ വിധിക്കെതിരായ 54 പുനപ്പരിശോധനാ ഹര്‍ജികളും നാല് റിട്ടുകളും നിലനില്‍ക്കും. അതിനു ശേഷമേ ഇതിലുള്ള തീരുമാനം വരൂ എന്നര്‍ത്ഥം. മതവിശ്വാസവും ആചാരവുമായി ബന്ധപ്പെട്ട ശബരിമലയിലെ പ്രശ്‌നം മാത്രമല്ല സുപ്രീം കോടതിയുടെ വിശാല ഭരണഘടനാ ബഞ്ചിനു മുമ്പില്‍ വരികയെന്ന് ഈ ഏഴ് പരിഗണനാ വിഷയങ്ങള്‍ വ്യക്തമാക്കുന്നു. പാഴ്‌സി വിഭാഗത്തിലും ഭാവൂദി ബോറ വിഭാഗത്തിലും മറ്റുംപെട്ട സ്ത്രീകള്‍ക്ക് അവരുടെ ആരാധനാലയങ്ങളില്‍ അനുമതി നല്‍കണമെന്ന സുപ്രീം കോടതിക്ക് മുമ്പിലുള്ള പ്രശ്‌നങ്ങളും ചേര്‍ത്താണ് പരിശോധിക്കുക.

ചുരുക്കിപ്പറഞ്ഞാല്‍ ഇന്ത്യയെ പോലെ ബഹുമത വിശ്വാസികളുടെ ഒരു രാജ്യത്ത് മതനിരപേക്ഷമായ ഭരണഘടനക്കു കീഴില്‍ മതാചാരങ്ങളുടെ കാര്യത്തില്‍ നീതിപീഠത്തിനു എത്ര കണ്ട് ഇടപെടാം, അതോടൊപ്പം ഭരണഘടനാപരമായ തുല്യതയുടെ കാര്യത്തില്‍ ആചാരങ്ങള്‍ക്കാണോ ഭരണഘടന തത്വങ്ങള്‍ക്കാണോ മേല്‍കൈ എന്ന കാര്യത്തിലും സുപ്രീം കോടതി അവ്യക്തത നീക്കാനും ലോകത്തിനു മുമ്പില്‍ മതനിരപേക്ഷതയുടെ ഇന്ത്യന്‍ ഭരണഘടനാ മാതൃക ഒരിക്കല്‍ കൂടി ഉയര്‍ത്തിപ്പിടിക്കാനുമാണ് ശ്രമിക്കുന്നത്. ഈ നിലപാട് കാണാതെ രാഷ്ട്രീയമായ മുതലെടുപ്പിന് ഓരോ മുന്നണിയും വീണ്ടും മത്സരിച്ചാല്‍ സുപ്രീം കോടതിയുടെ ചരിത്രപരമായ ഈ ദൗത്യത്തിന് തടസം സൃഷ്ടിക്കലാകും ഫലം. തങ്ങളുടെ നിലപാടുകള്‍ സുപ്രീം കോടതി പരിഗണിച്ചില്ല, ഭൂരിപക്ഷ ഹിന്ദുക്കളുടെ നാട്ടില്‍ അവരുടെ മതവിശ്വാസത്തെ തകര്‍ക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് 2018 സെപ്തംബര്‍ 28 മുതല്‍ കേരളത്തില്‍ വര്‍ഗീയമായ ചേരിതിരിവും അതിന്റെയടിസ്ഥാനത്തിലുള്ള രാഷ്ട്രീയ മുതലെടപ്പുകള്‍ക്കും വഴിവച്ചത്.

നൈഷ്ടിക ബ്രഹ്മചാരിയുടെ പ്രതിഷ്ഠാ ചൈതന്യം ഉള്‍ക്കൊള്ളുന്ന ശബരിമല ക്ഷേത്ര സന്നിധിയില്‍ ചോര വീഴ്ത്താനും രാഷ്ട്രീയ മുതലെടുപ്പ് നടത്താനും സംഘപരിവാറും പൊലീസിനെ ഉപയോഗിച്ച് സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന്റെ പേരില്‍ യുവതി പ്രവേശം ഉറപ്പാക്കാന്‍ ഭരണനേതൃത്വവും മത്സരിക്കുകയായിരുന്നു. ഈ വിഷയം കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ കോടതി മുഖ്യമായും കൈകാര്യം ചെയ്തു. ഹിന്ദു വിശ്വാസികളുടെ പേരിലും സുപ്രീം കോടതി വിധിയുടെ പേരിലും വോട്ട് ചോദിച്ച ബി.ജെ.പിക്കും എല്‍.ഡി.എഫിനും ഉചിതമായ മറുപടി ജനങ്ങള്‍ നല്‍കുകയും ചെയ്തു. ശബരിമല ഒരു കലാപ ഭൂമിയാക്കി മാറ്റാനുള്ള ഹിന്ദുത്വ ശക്തികളുടെ നീക്കങ്ങളെ നേരിടാന്‍ നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരികയാണെന്ന പേരില്‍ ഭരണമുന്നണിയും കാണിച്ച രാഷ്ട്രീയ ചൂതുകളി ജനങ്ങള്‍ തള്ളിക്കളഞ്ഞു.
ഇപ്പോള്‍ ഉന്നത നീതിപീഠം കക്ഷി രാഷ്ട്രീയ അജണ്ടകള്‍ക്ക് മീതെ തുല്യത, മതനിരപേക്ഷത എന്നിവ ഭരണഘടനാപരമായി ഉയര്‍ത്തിപ്പിടിച്ചും മതമൈത്രിയും സമാധാനവും സ്ഥാപിക്കുന്നതിനും രാജ്യത്തെ ബഹുസ്വരത വെല്ലുവിളിക്കപ്പെടുന്ന ഒരവസ്ഥയില്‍ നടത്തുന്ന ഈ പരാമര്‍ശം രാജ്യത്തിന്റെ ഐക്യത്തിനാകെ നിര്‍ണായകമാണ്. ഇത് ഉള്‍ക്കൊള്ളാനും തങ്ങളുടെ കക്ഷി രാഷ്ട്രീയ അധികാര താല്‍പര്യങ്ങള്‍ക്ക് എത്രയോ മുകളിലാണ് രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയുമെന്ന് ഉള്‍ക്കൊള്ളാനുള്ള വിനയവും വിവേകവുമാണ് പ്രബുദ്ധ കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങള്‍ വിശേഷിച്ചും ഭരണ നേതൃത്വം ഈ ഘട്ടത്തിലും തുടര്‍ന്നും സ്വീകരിക്കേണ്ടതാണ്.

കഴിഞ്ഞ വര്‍ഷത്തെ വിധി സ്‌റ്റേ ചെയ്‌തെന്നോ നിലവിലുണ്ടെന്നോ വിധിയില്‍ പ്രകടമായി രേഖപ്പെടുത്തിയിട്ടില്ല. ഈ സാങ്കേതികത്വം ചൂണ്ടിക്കാട്ടി സ്‌റ്റേ ഇല്ലെന്നും സ്‌റ്റേ ഉണ്ടെന്നും രണ്ട് വാദമുഖങ്ങളാണ് ഇപ്പോള്‍ ഉയര്‍ത്തുന്നത്. വിധി വന്ന് ദേവസ്വം മന്ത്രിയടക്കം ഇരുകൈയും നീട്ടി സ്വാഗതം ചെയ്തിട്ടും അഞ്ച് മണിക്ക് ശേഷമാണ് മുഖ്യമന്ത്രി മാധ്യമ പ്രതിനിധികളെ കണ്ടത്. അഞ്ചംഗ ബഞ്ചിന്റെ നിലവിലുള്ള വിധി സ്‌റ്റേ ചെയ്തിട്ടില്ലെന്നും എന്നാല്‍ പുതിയ ഏഴംഗ ബഞ്ചാണോ പുനപ്പരിശോധനാ ഹര്‍ജികളില്‍ തീരുമാനമെടുക്കുക അതല്ല പരിഗണനാ വിഷയങ്ങളില്‍ അവര്‍ വ്യക്തത വരുത്തിയ ശേഷം അഞ്ചംഗ ബഞ്ചാണോ തീരുമാനിക്കുക എന്ന സംശയം ബാക്കി നില്‍ക്കുന്നുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും സുപ്രീം കോടതി വിധി എന്തായാലും നടപ്പാക്കുമെന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും അദ്ദേഹം ആവര്‍ത്തിച്ചിട്ടുണ്ട്. ബന്ധപ്പെട്ട എല്ലാ വിഭാഗക്കാരുമായും കൂടിയാലോചിച്ച് നിലപാടെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് ശബരിമല പ്രശ്‌നം രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിച്ചതെന്ന യാഥാര്‍ത്ഥ്യം ഇപ്പോഴും തുറിച്ചു നോക്കുന്നുണ്ട്. അത്തരമൊരു പാളിച്ചയിലേക്ക് പോകാതെയും മതനിരപേക്ഷ ശക്തികളെ തകര്‍ക്കാന്‍ കാത്തു നില്‍ക്കുന്നവര്‍ക്ക് അവസരം നല്‍കാതെയും ഇത്തവണ രാജ്യ തന്ത്രജ്ഞതയോടെ പ്രശ്‌നം കൈകാര്യം ചെയ്യാന്‍ കേരളത്തിന്റെ മുഖ്യമന്ത്രി ജാഗ്രത കാട്ടുമെന്നാണ് കേരളം ആഗ്രഹിക്കുന്നത്.

SHARE