രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി; എം.എല്‍.എമാരുമായി സചിന്‍ പൈലറ്റ് ഡല്‍ഹിയില്‍ – പിന്നില്‍ ബി.ജെ.പിയെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: മദ്ധ്യപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധിക്കു സമാനമായ സാഹചര്യങ്ങളിലൂടെ രാജസ്ഥാന്‍ കോണ്‍ഗ്രസും. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടുമായി അഭിപ്രായ ഭിന്നതകളുള്ള ഉപമുഖ്യമന്ത്രി സചിന്‍ പൈലറ്റ് തന്റെ അനുയായികളായ 12 എം.എല്‍.എമാര്‍ക്കൊപ്പം ഡല്‍ഹിയിലെത്തി. സര്‍ക്കാറിനെ താഴെയിറക്കാന്‍ ബി.ജെ.പി നടത്തുന്ന ശ്രമങ്ങളുമായി ബന്ധപ്പെട്ട ഫോണ്‍വിളികളില്‍ തന്നെ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയതിന് പിന്നാലെയാണ് സചിന്‍ പൈലറ്റിന്റെ നീക്കം.

സംഭവത്തില്‍ രാജസ്ഥാന്‍ ഭീകരവിരുദ്ധ സ്‌ക്വാഡാണ് ചോദ്യം ചെയ്യലിന് ഹാജരാകാനായി സചിന് നോട്ടീസ് അയച്ചത്. ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിക്കു കീഴില്‍ വരുന്ന വകുപ്പാണിത്. ജൂലൈ പത്തിനാണ് ഉപമുഖ്യമന്ത്രി കൂടിയായ സചിന് നോട്ടീസ് കിട്ടിയത്. ഡല്‍ഹിയിലുള്ള സചിന്‍ പൈലറ്റ് ഇന്ന് പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തും.

സര്‍ക്കാറിനെ മറിച്ചിടാന്‍ ബി.ജെ.പി എം.എല്‍.എമാര്‍ക്ക് 15 കോടി രൂപ വാഗ്ദാനം ചെയ്യുന്നു എന്നു കഴിഞ്ഞ ദിവസം അശോക് ഗെഹ്‌ലോട്ട് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എംഎല്‍എമാരുമായി സച്ചിന്‍ പൈലറ്റ് ഡല്‍ഹിയില്‍ എത്തിയത്.

200 അംഗ രാജസ്ഥാന്‍ നിയമസഭയില്‍ 107 സീറ്റാണ് കോണ്‍ഗ്രസിനുള്ളത്. 12 സ്വതന്ത്രരുടെ പിന്തുണയുമുണ്ട്. രാഷ്ട്രീയ ലോക്ദള്‍, സി.പി.എം, ഭാരതീയ ട്രൈബല്‍ പാര്‍ട്ടി എന്നീ കക്ഷികളുടെ ഏഴ് അംഗങ്ങളും സര്‍ക്കാറിനെ പിന്തുണയ്ക്കുന്നുണ്ട്.

അതിനിടെ, നിലവിലെ പ്രതിസന്ധിക്കു കാരണം ബി.ജെ.പിയാണ് എന്ന് രാജസ്ഥാന്‍ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അവിനാശ് പാണ്ഡെ ആരോപിച്ചു. എല്ലാ എം.എല്‍.എമാരും പാര്‍ട്ടിയില്‍ വിശ്വാസമര്‍പ്പിച്ചിട്ടുണ്ട് എന്നും ബി.ജെ.പിയുടെ നീക്കം വിജയിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.