ചരിത്രമായി രാജ്യം തോളിലേറ്റിയ നിമിഷം; ലോറസ് സ്‌പോര്‍ടിങ് മൊമന്റ് പുരസ്‌കാരം സച്ചിന്‍ തെണ്ടുല്‍ക്കറിന്

ബെര്‍ലിന്‍: പതിറ്റാണ്ടുകള്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ തോളിലേറ്റിയ സച്ചിന്‍ തെണ്ടുല്‍ക്കര്‍ കായിക രംഗത്തെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന ലോറിയസ് പുരസ്‌കാരത്തിന് അര്‍ഹമായി. 2011ലെ ഐ.സി.സി ക്രിക്കറ്റ് വേള്‍ഡ് കപ്പ് ഫൈനല്‍ വിജയത്തിനുശേഷം സച്ചിന്‍ തെണ്ടുല്‍ക്കറെ തോളിലേറ്റി ആഹ്ലാദം പങ്കിടുന്ന ഇന്ത്യന്‍ താരങ്ങളുടെ ചിത്രമാണ് പുരസ്‌കാരം നേടിയത്.

2011ലെ ഐ.സി.സി ക്രിക്കറ്റ് വേള്‍ഡ് കപ്പ് ഫൈനല്‍ മത്സരത്തില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തിയതിനു പിന്നാലെ സച്ചിന്‍ ടെണ്ടുല്‍ക്കറെ തോളിലേറ്റി ആഹ്ലാദം പങ്കിടുന്ന ഇന്ത്യന്‍ താരങ്ങള്‍.

ഒരു രാജ്യത്തിന്റെ ചുമലിലേറി എന്ന തലക്കെട്ടോടെ അവതരിപ്പിച്ച ചിത്രത്തില്‍ ഏറെകാലം ഇന്ത്യയെ തോളിലേറ്റിയ താരത്തിന്റെ മനോഹര നിമിഷംകൂടിയായതോടെ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി ഒന്നാമതെത്തുകയായിരുന്നു. കായികരംഗത്തെ പരമോന്നത ബഹുമതിയായ ലോറിയസ് പുരസ്‌കാരം ആദ്യമായിയാണ് ഇന്ത്യയിലെത്തുന്നത്.

2019ലെ മികച്ച പുരുഷ കായിക താരത്തിനുള്ള ലോറിയസ് പുരസ്‌കാരം മെസിയും ഹാമില്‍ട്ടണും പങ്കിട്ടു. ഇതാദ്യമായാണ് ലോറിയസ് പുരസ്‌കാരം പങ്കിടുന്നത്. ഫോര്‍മുല വണ്‍ ലോകചാമ്പ്യനാണ് ലൂയി ഹാമില്‍ട്ടണ്‍. പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യത്തെ ഫുട്‌ബോള്‍ താരമാണ് ലയണല്‍ മെസി.

മികച്ച വനിതാ കായികതാരത്തിനുള്ള പുരസ്‌കാരം അമേരിക്കന്‍ ജിംനാസ്റ്റ് സിമോണ്‍ ബെല്‍സ് നേടി. മികച്ച ടീമിനുള്ള പുരസ്‌കാരം സ്പാനിഷ് ബാസ്‌കറ്റ് ബാള്‍ ടീം നേടി.