പ്രതിപക്ഷ നേതാവും ഉപനേതാവും കുടുംബത്തെ സന്ദർശിച്ചു സാജൻ സി.പി.എം വിഭാഗീയതയുടെ ഇര: ചെന്നിത്തല

കണ്ണൂർ: പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യക്ക് കാരണം സി.പി.എമ്മിലെ വിഭാഗീയതയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നഗരസഭാധ്യക്ഷയുടെ ധാർഷ്ട്യവും ധിക്കാരവുമാണ് സാജന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും ചെന്നിത്തല പറഞ്ഞു. സാജന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

നഗരസഭാധ്യക്ഷ ശ്യാമളയെ സി.പി.എം രക്ഷിക്കാൻ ശ്രമിക്കുകയാണ്. പാർട്ടിയും സർക്കാറും അവരെ സംരക്ഷിക്കുകയാണ്. സി.പി.എമ്മിനകത്ത് എന്തൊക്കെയോ ഒത്തുകളി നടക്കുന്നുണ്ട്. സർക്കാർ വേണ്ടത്ര നടപടി സ്വീകരിച്ചില്ല. സർക്കാർ ഈ വിഷയത്തിൽ അലംഭാവം കാണിക്കുകയാണ്. അന്വേഷണ സംഘത്തിൽ തൃപ്തിയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഐ.ജി തലത്തിൽ അന്വേഷണം വേണം. ഇനിയൊരു പ്രവാസിക്കും ഇങ്ങനെ സംഭവിക്കരുതെന്നും അദ്ദേഹം സൂചിപ്പിച്ചു. 24 മണിക്കൂറിനുള്ളിൽ നീതി നടപ്പാക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീർ പറഞ്ഞു. നഗരസഭാധ്യക്ഷക്കെതിരെയും നിയമ നടപടി സ്വീകരിക്കണം. അധ്യക്ഷ സ്ഥാനത്ത് നിന്ന് പി.കെ ശ്യാമളയെ പുറത്താക്കണമെന്നും മുനീർ പറഞ്ഞു. നിഷ്പക്ഷമായ അന്വേഷണമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. നടപടിയുണ്ടായില്ലെങ്കിൽ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.എം ഷാജി എം.എൽ.എ, മുസ്‌ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി, യു.ഡി.എഫ് ചെയർമാൻ എ.ഡി മുസ്തഫ, ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി എന്നിവരും പ്രതിപക്ഷ നേതാവിനൊപ്പമുണ്ടായിരുന്നു.

SHARE