ശമ്പള കുടിശ്ശിക ചോദിച്ചു; മലേഷ്യയില്‍ ഇരുമ്പ് ദണ്ഡ് ചൂടാക്കി പൊള്ളിച്ച മലയാളിക്ക് മോചനം

ആലപ്പുഴ: മലേഷ്യയില്‍ ജോലി സ്ഥലത്ത് മാരകമായി പൊള്ളലേല്‍പ്പിച്ച മലയാളിക്ക് മോചനം. ശമ്പളകുടിശിക ചോദിച്ചതിന് ഹരിപ്പാട് സ്വദേശി ഹരിദാസിനെയാണ് ജോലി സ്ഥലത്ത് പൊള്ളലേല്‍പ്പിച്ചത്. ചെന്നൈലെത്തിയ ഹരിദാസ് കുടുംബവുമായി ഫോണില്‍ സംസാരിച്ചുവെന്ന് സഹോദരന്‍ അറിയിച്ചു. ചെന്നെയില്‍നിന്നു ഹരിദാസ് നാട്ടിലേക്കു തിരിച്ചുവെന്നും സഹോദരന്‍ പറഞ്ഞു.

നേരത്തെ, ഭര്‍ത്താവിനെ തിരികെ നാട്ടില്‍ എത്തിക്കണമെന്ന ആവശ്യവുമായി ഭാര്യ കലക്ടര്‍ക്കു പരാതി നല്‍കിയിരുന്നു. ശരീരമാസകലം പൊള്ളലേല്‍പ്പിച്ചതിന്റെ പാടുകളോടെ കമഴ്ന്നു കിടക്കുന്ന ഹരിദാസിന്റെ ചിത്രം വാട്‌സാപ്പില്‍ ലഭിച്ചപ്പോഴാണ് ഭാര്യയും ബന്ധുക്കളും വിവരം അറിയുന്നത്. ഹരിദാസിന് ഒപ്പം ജോലി ചെയ്യുന്ന തമിഴ്‌നാട്ടുകാരനാണ് ചിത്രങ്ങള്‍ അയച്ചത്.

ഞായര്‍ വൈകിട്ട് വിളിച്ചപ്പോള്‍ പൊള്ളലേറ്റ വിവരം ഹരിദാസ് സൂചിപ്പിച്ചെങ്കിലും കൂടുതലൊന്നും പറഞ്ഞില്ല. 4 വര്‍ഷം മുന്‍പ് ജോലി തേടി പോയ ഹരിദാസിനു ഇതുവരെ അവധി അനുവദിച്ചിട്ടില്ല. 3 വര്‍ഷം കഴിഞ്ഞപ്പോള്‍ അവധി ആവശ്യപ്പെട്ടെങ്കിലും പാസ്‌പോര്‍ട്ടും മറ്റും തൊഴിലുടമ പിടിച്ചുവച്ചു. 30,000 രൂപ മാസശമ്പളം വാഗ്ദാനം ചെയ്തു മലേഷ്യയില്‍ ബാര്‍ബര്‍ ജോലിക്കു കൊണ്ടുപോയ ഹരിദാസിന് പലപ്പോഴും 16,000 രൂപയാണ് ശമ്പളമായി ലഭിച്ചിരുന്നതെന്നും പരാതിയുണ്ട്. 7 മാസമായി ശമ്പളം ലഭിക്കുന്നില്ല.

കുടിശിക ശമ്പളം ചോദിച്ചപ്പോഴായിരുന്നു ആക്രമണമുണ്ടായത്. ചിങ്ങോലി സ്വദേശി മുഖേന ചെന്നൈയില്‍ അഭിമുഖം നടത്തിയാണ് മലേഷ്യയില്‍ കൊണ്ടുപോയത്. തമിഴ് വംശജരാണ് തൊഴിലുടമയെന്നും രാജശ്രീ പറഞ്ഞു. സംഭവത്തില്‍ കേന്ദ്രമന്ത്രി വി.മുരളീധരനും ഭാര്യ പരാതി അയച്ചിരുന്നു.

SHARE