സാന്ദ്രോയ്ക്കും പരിക്ക്; ഇസ്മായിലി ബ്രസീല്‍ ടീമില്‍

റയോ ഡി ജനീറോ: റഷ്യക്കും ജര്‍മനിക്കുമെതിരായ സൗഹൃദ മത്സരങ്ങള്‍ക്കുള്ള ബ്രസീലിയന്‍ ടീമില്‍ പ്രതിരോധ താരം ഇസ്മയിലി ഗോണ്‍സാല്‍വസിന് അവസരം. ഷാഖ്തര്‍ ഡൊണസ്‌കില്‍ ലെഫ്റ്റ് ബാക്ക് ആയി കളിക്കുന്ന 28-കാരനെ കോച്ച് ടിറ്റെ ദേശീയ ടീമില്‍ ഉള്‍പ്പെടുത്തി. ഇതാദ്യമായാണ് ഇസ്മയിലി ബ്രസീല്‍ ടീമിലെത്തുന്നത്.

മോസ്‌കോയില്‍ പരിശീലനത്തിനിടെ അലക്‌സ് സാന്ദ്രോക്ക് പരിക്കേറ്റതാണ് ഇസ്മയിലിക്ക് ടീമിലേക്കുള്ള വാതില്‍ തുറന്നത്. 2013 മുതല്‍ ഷാഖ്തറില്‍ കളിക്കുന്ന താരം ഉക്രെയ്ന്‍ ദേശീയ ടീമില്‍ കളിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ബ്രസീല്‍ ടീമിലെത്തിയെങ്കിലും അടുത്ത വെള്ളി, ചൊവ്വ ദിവസങ്ങളില്‍ നടക്കുന്ന മത്സരങ്ങളില്‍ താരത്തിന് പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കാനിടയില്ല.