പട്ടാമ്പി: കശ്മീരിലെ കഠ്‌വയില്‍ എട്ടുവയസ്സുകാരി ആസിഫ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച ചിത്രക്കാരിക്കു നേരെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ കൊലവിളി. പട്ടാമ്പി കൊപ്പം സ്വദേശിനി ദുര്‍ഗാ മാലതിക്കു നേരെയാണ് സംഘപരിവാരിന്റെ ആക്രമണം.

ദുര്‍ഗയുടെ വീടിനു നേരെ ഇന്നലെ കല്ലേറുണ്ടായി. വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പിന്റെ ഗ്ലാസുകള്‍ അടിച്ചു തകര്‍ത്തു. അര്‍ദ്ധരാത്രിയോടെയാണ് ആക്രമണമുണ്ടായത്. ആര്‍.എസ്.എസാണ് ആക്രമണത്തിനു പിന്നിലെന്ന് ദുര്‍ഗ പറഞ്ഞു.

കഠ്‌വ സംഭവത്തില്‍ പ്രതിഷേധമറിയിച്ച് ചിത്രം വരച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ ഇവര്‍ക്കെതിരെ ആക്രമണ ഭീഷണി ഉയര്‍ന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.