കറന്‍സി നോട്ടുകളും മൊബൈല്‍ഫോണുകളും അണുവിമുക്തമാക്കാന്‍ ഡി.ആര്‍.ഡി.ഒയുടെ നൂതന സംവിധാനം

ഹൈദരാബാദ്: മൊബൈല്‍ ഫോണ്‍, ഐപാഡ്, ലാപ്‌ടോപ്പ്, കറന്‍സി നോട്ട്, ചെക്ക്, ചലാന്‍, പാസ് ബുക്ക്, കവറുകള്‍ തുടങ്ങിയവ അണുനശീകരണം നടത്തുന്നതിനുള്ള യു.വി.സി സാനിറ്റൈസേഷന്‍ കാബിനറ്റുമായി ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍(ഡി.ആര്‍.ഡി.ഒ). ഡി.ആര്‍.ഡി.ഒയുടെ ഹൈദരാബാദിലെ പ്രീമിയര്‍ ലാബ് ആയ റിസര്‍ച്ച് സെന്റര്‍ ഇമരറ്റാണ് ഈ സംവിധാനം വികസിപ്പിച്ചത്. മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഗോപിനാഥ്, സഹപ്രവര്‍ത്തകന്‍ സൗരവ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പതിനഞ്ച് ദിവസം കൊണ്ട് ഈ നൂതനസംവിധാനം കണ്ടെത്തിയത്. വ്യത്യസ്ത ബാക്ടീയിരയകളെ നശിപ്പിക്കാന്‍ കഴിയുമെന്ന് പരീക്ഷണത്തില്‍ തെളിഞ്ഞു. യൂണിറ്റിന്റെ ഉദ്ഘാടനം കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നിര്‍വ്വഹിച്ചു.

ഉപകരണവുമായി നേരിട്ട് സ്പര്‍ശനം വരാത്ത വിധത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. പ്രോക്‌സിമിറ്റി സെന്‍സര്‍ സ്വിച്ചുകള്‍, ഡ്രോയര്‍ ഉപയോഗിച്ച് തുറക്കല്‍ അടയ്ക്കല്‍ സംവിധാനം എന്നിവ ഉള്ളതിനാല്‍ യൂണിറ്റില്‍ സ്പര്‍ശിക്കേണ്ടി വരുന്നില്ല. കാബിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന വസ്തുക്കളിലേയ്ക്ക് യുവിസിയുടെ 360 ഡിഗ്രി പ്രകാശനം ഇത് നല്‍കും. അണുനശീകരണം പൂര്‍ത്തിയായാല്‍ യൂണിറ്റ് സ്ലീപ്പ് മോഡിലേയ്ക്ക് പോകും. അതുകൊണ്ടുതന്നെ ഇത് പ്രവര്‍ത്തിപ്പിക്കുന്നയാള്‍ക്ക് യൂണിറ്റിന് സമീപം നില്‍ക്കേണ്ട ആവശ്യമില്ല.

നോട്ട്‌സ് ക്ലീന്‍ എന്ന പേരില്‍ യുവിസി കറന്‍സി അണുനശീകരണ ഉപകരണവും വികസിപ്പിച്ചിട്ടുണ്ട്. അതേസമയം, ഇത് ഉപയോഗിച്ച് നോട്ടുകള്‍ കൂട്ടമായി വൃത്തിയാക്കാന്‍ കഴിയുമെങ്കിലും ഓരോ നോട്ടുകളും അണുവിമുക്തമാക്കുന്നതിന് സമയമെടുക്കും. അതിനായി മറ്റൊരു സാങ്കേതികവിദ്യയും വികസിപ്പിച്ചിട്ടുണ്ട്. ആ യൂണിറ്റിലേയ്ക്ക് വെയ്ക്കുന്ന കറന്‍സികള്‍ ഓരോന്നായി എടുത്ത് അള്‍ട്രാവയലറ്റ് പ്രകാശത്തിലൂടെ കടത്തി വിട്ട് അണുനശീകരണം നടത്തുന്നതാണ് പ്രക്രീയ.

SHARE