അഭയാര്‍ത്ഥികളെ സംരക്ഷിക്കലല്ല സര്‍ക്കാറിന്റെ ഉദ്ദേശം;ശശി തരൂര്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വീണ്ടും കടന്നാക്രമിച്ച് ശശി തരൂര്‍ എം.പി. ആദ്യമായി മതത്തെ നിയമത്തിന്റെ ഭാഗമാക്കിയ നിയമമാണ് പൗരത്വ നിയമമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.


അഭയാര്‍ത്ഥികളെ സംരക്ഷിക്കലല്ല സര്‍ക്കാറിന്റെ ഉദ്ദേശം. ഐക്യരാഷ്ട്ര സഭയുടെ ഭാഗമായിരുന്നപ്പോള്‍ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്.റോഹിന്‍ഗ്യ ജനതയെയും ശ്രീലങ്കന്‍ തമിഴ് ജനതയെയും ഉള്‍കൊള്ളാത്തതാണ് പൗരത്വ നിയമം.ഹിന്ദി സംസാരിക്കുന്ന ഹിന്ദുക്കള്‍ക്ക് മാത്രമായാണ് നിയമം കൊണ്ടുവന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ബിജെപി മന്ത്രി സഭയുടെ ഭാഗമായ ജനറല്‍ വി.കെ സിങ്ങിന് പോലും സധികുന്നില്ലങ്കില്‍ എങ്ങനെയാണ് സാധാരണക്കാര്‍ക്ക് കഴിയുകയെന്ന് അദ്ദേഹം ചോദിച്ചു.ദേശീയ ജനസംഖ്യ രജിസ്ട്രാര്‍ എന്‍.ആര്‍സിയെ പിന്‍വാതിലിലൂടെ ഒളിച്ച് കടത്താനുള്ള നീക്കം അനുവദിക്കരുത്.കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എന്‍.പി.ആര്‍ നടത്തില്ല.


ദേശീയ പ്രസ്ഥാനം എല്ലാവരും ഉള്‍കൊള്ളുന്ന ഇന്ത്യക്കായാണ് നിലകൊണ്ടത്.പൗരത്വ നിയമത്തിനെതിരായുള്ള ഹരജികള്‍ കോടതിയുടെ മുന്‍പാകെ വരുമ്പോള്‍ സുപ്രീംകോടതി ഈ കാര്യങ്ങളൊക്കെ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജെ.എന്‍.യുവിലെ യുക്തിരഹിതമായ ഫീസ് വര്‍ദ്ധനവ് അംഗീകരിക്കാനാവില്ല.വിദ്യാര്‍ത്ഥികളുമായി സംസാരിച്ചു പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. പൊതുവിദ്യാഭ്യാസം ഇന്ത്യയെന്ന ആശയത്തിന്റെ ഭാഗമാണ്.

അത് തകര്‍ക്കരുത്.വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ഉയര്‍ത്തും.ജെ.എന്‍.യുവിനെ തകര്‍ക്കാന്‍ ഭരണകക്ഷി ശ്രമിക്കുന്നു.തുക്ടെ തുക്ടെ ഗാങ് ജെ.എന്‍.യു വിദ്യാര്‍ത്ഥികളല്ല ഭരണകക്ഷിയാണ്. അവരാണ് ഇന്ത്യയെ ഹിന്ദുവെന്നും മുസ്ലിമെന്നും പറഞ്ഞ് വിഭജിക്കുന്നത്. മോദിജിക്ക് കാവിയാണ് ഇഷ്ടമെങ്കില്‍ അദ്ദേഹം അത് സ്വീകരിക്കട്ടെ.

പക്ഷെ ഞങ്ങള്‍ മൂവര്‍ണ്ണ കൊടിയുടെ വക്താക്കളാണ്. ഈ കൊടി ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കും .ഐക്യമാണ് വേണ്ടത് ഏകീകരണമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍.എസ്.യു.ഐ സംഘടിപ്പിച്ച പരിപാടിയിലാണ് ശശി തരൂര്‍ പങ്കെടുത്തത്.പരിപാടിക്കെത്തിയ ശശി തരൂരിനെതിരെ എസ്.ഐ.ഒ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. ശശി തരൂര്‍ മുസ്ലിം വിരുദ്ധനാനാണെന്ന് ആരോപിച്ചായിരുന്നു അവരുടെ പ്രതിഷേധിച്ചത്.

SHARE