തമിഴ്‌നാട് ലക്ഷ്യമാക്കി ചിന്നമ്മ; ചെന്നൈ സെന്‍ട്രല്‍ ജയിലിലേക്ക് മാറാന്‍ അപേക്ഷ

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ബാംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ ശശികല ജയില്‍മാറ്റത്തിന് ശ്രമിക്കുന്നു. ബാംഗളൂരു ജയിലില്‍ സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചെന്നൈ സെന്‍ട്രല്‍ ജയിലിലേക്ക് മാറാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് ജയില്‍ അധികൃതര്‍ക്ക് കത്ത് നല്‍കും. അഭിഭാഷകര്‍ മുഖേനെയാണ് ശശികലയുടെ നീക്കം.

ജയിലില്‍ കീഴടങ്ങാനെത്തിയപ്പോള്‍ ജയില്‍ പരിസരത്തുണ്ടായ അക്രമസംഭവങ്ങളാണ് ശശികല പ്രധാനമായും ചൂണ്ടിക്കാണിക്കുക. എന്നാല്‍ ഇതിന് പിന്നില്‍ വാടകഗുണ്ടകളാണെന്ന് തെളിഞ്ഞിട്ടുണ്ട്. സാധാരണ നിലയില്‍ ജയില്‍മാറ്റത്തിന് തടസ്സമുണ്ടാവേണ്ടതില്ല.എന്നാല്‍ സുപ്രീംകോടതി വിധി പ്രകാരമാണ് ഇപ്പോള്‍ പരപ്പന അഗ്രഹാരയില്‍ ജയില്‍വാസമനുഭവിക്കന്നത്. ഈ സാഹചര്യത്തില്‍ ജയില്‍മാറ്റത്തെ ചോദ്യം ചെയ്യാനും ചില സാധ്യതകള്‍ ഉയരുന്നുണ്ട്.

ശശികലക്കൊപ്പം വി.എന്‍ സുധാകരനും ജെ. ഇളവരശിയും ചെന്നൈയിലേക്കുള്ള മാറ്റത്തിന് അപേക്ഷ നല്‍കും. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വീണ്ടും ബാംഗളൂരുവിലെത്തി ശശികലയെ കാണും. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ജയലളിതയുള്‍പ്പെടെയുള്ളവരുടെ ശിക്ഷ ബാംഗളൂരു ഹൈക്കോടതി നേരത്തെ റദ്ദാക്കുകയും പ്രതികളെ വെറുതെ വിടുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വിധി സുപ്രീംകോടതി റദ്ദാക്കുകയായിരുന്നു.

SHARE