രോഗബാധ 157 പേര്‍ക്ക് കൂടി ; 264 പേര്‍ക്ക് രോഗം ഭേദമായി, സഊദിയില്‍ മൂന്ന് വിദേശികളടക്കം ആറ് പേര്‍ കൂടി മരിച്ചു

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : സഊദിയില്‍ കോവിഡ് 19 കൊറോണ വൈറസ് ബാധയേറ്റ ആറ് പേര്‍ കൂടി മരിച്ചു . ഇതോടെ സഊദിയില്‍ കോവിഡ് 19 കേസില്‍ മരിച്ചവരുടെ എണ്ണം 16 ആയി. മരിച്ച ആറ് പേരില്‍ മൂന്ന് സ്വദേശികളും മൂന്ന് വിദേശികളുമാണ് . മക്ക , മദീന , റിയാദ് എന്നിവിടങ്ങളിലാണ് വിദേശികള്‍ മരണപ്പെട്ടത് . 157 പേര്‍ക്ക് കൂടി ഇന്ന് രോഗബാധ കണ്ടെത്തിയതോടെ 1720 പേര്‍ക്ക് കോവിഡ് 19 സ്ഥിതീകരിച്ചു . 99 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ ഇതുവരെ 264 പേര്‍ക്ക് രോഗശമനമുണ്ടായെന്നും സഊദി ആരോഗ്യമന്ത്രാലയം അറിയിച്ചു. മദീന 78 , മക്ക 55 , റിയാദ് 7 , ഖത്തീഫ് 6 , ജിദ്ദ 3 , ഹഫൂഫ് 3 , തബൂക്ക് 2 , തായിഫ് 2 , അല്‍ഹനാക്കിയ 1 തുടങ്ങിയ സ്ഥലങ്ങളിലാണ് രോഗബാധ പുതുതായി റിപ്പോര്‍ട് ചെയ്തത്.

ഇതുവരെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട് ചെയ്യപ്പെട്ട റിയാദില്‍ കേസുകള്‍ നിയന്ത്രണത്തിലേക്ക് വരുന്നുവെന്നാണ് ഇന്നത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത് . ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന മുവ്വായിരത്തോളം പേര്‍ രോഗലക്ഷണം കണ്ടെത്താത്ത സാഹചര്യത്തില്‍ വിട്ടയച്ചു. കര്‍ശനമായ നിയന്ത്രണങ്ങളിലൂടെ രോഗബാധ പടരാതിരിക്കാന്‍ സഊദി കൈകൊണ്ട മുന്‍കരുതല്‍ നടപടികള്‍ ഫലപ്രദമായി നടക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

മുന്‍ ദിവസങ്ങളെ അപേക്ഷിച്ചു രോഗം ഭേദമാകുന്നവരുടെ എണ്ണം കൂടുന്നതും രോഗ ബാധ സ്ഥിതീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നതും നിയന്ത്രണങ്ങളില്‍ സ്വദേശികളുടെയും വിദേശികളുടെയും സഹകരണമാണ് തെളിയിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു . മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നതില്‍ രാജ്യത്തെ ജനത അതീവ ജാഗ്രത പാലിക്കുന്നുണ്ട് .
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ പത്ത് ദിവസമായി കര്‍ഫ്യൂ തുടരുകയാണ് . മുന്‍കരുതല്‍ കൂടുതല്‍ കര്‍ശനമാക്കുന്നതോടൊപ്പം കര്‍ഫ്യൂ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷ നടപടികള്‍ സ്വീകരിച്ചു വരികയാണ് അധികൃതര്‍. കോവിഡ് 19 കേസുകള്‍ നിരീക്ഷിക്കുന്നതിനായി പ്രത്യക സമിതിയാണ് ഇരുപത്തിനാല് മണിക്കൂറുമെന്ന രീതിയില്‍ യുദ്ധകാല പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത് .

SHARE