കോവിഡ്19; കേരളത്തില്‍ കുടുങ്ങിയ സഊദി പൗരന്മാര്‍ നാട്ടിലേക്ക് മടങ്ങുന്നു


കൊച്ചി: കോവിഡ് കാരണം കേരളത്തില്‍ കുടുങ്ങിയ സഊദി പൗരന്മാര്‍ നാട്ടിലേക്ക് മടങ്ങുന്നു. കരിപ്പൂര്‍ വിമാനത്താവളം വഴിയാണ് ഇവര്‍ നാട്ടിലേക്ക് തിരിക്കുക. സൗദി എയര്‍ലൈന്‍സിന്റെ പ്രത്യേക വിമാനത്തിലാണ് യാത്ര പുറപ്പെടുന്നത്.

കൊവിഡ് ഭീതിയെ തുടര്‍ന്ന് ഇന്ത്യ സൗദി വിമാന സര്‍വീസ് മാര്‍ച്ച് 15 ന് നിര്‍ത്തലാക്കിയിരുന്നു. പിന്നീട് ലോക്ക്ഡൗണ്‍ കൂടെ പ്രഖ്യാപിച്ചതോടെ, ചികിത്സയ്ക്കും മറ്റുമായി ഇന്ത്യയിലെത്തിയ ഒട്ടേറെ സൗദി പൗരന്മാരുടെ മടക്കയാത്ര പ്രതിസന്ധിയിലായി. ഇതേതുടര്‍ന്നാണ്, സൗദി ഭരണകൂടം ഇടപെട്ട് മൂന്ന് വിമാന സര്‍വീസുകള്‍ക്ക് വഴിയൊരുക്കിയത്. കേരളത്തില്‍ കുടുങ്ങിയ 138 സൗദി പൗരന്മാര്‍ കരിപ്പൂര്‍ വിമാനത്താവളം വഴിയാണ് മടങ്ങുന്നത്.

റിയാദില്‍നിന്ന് കരിപ്പൂരില്‍ എത്തുന്ന വിമാനം ബംഗളൂരുവിലേക്കും പോകും. അവിടെ നിന്നും കൂടുതല്‍ പൗരന്മാരെകൂടി കയറ്റിയാണ് വിമാനം റിയാദിലേക്ക് പറക്കുക. കേരളത്തില്‍ നിന്നും ലഭിച്ച അകമഴിഞ്ഞ സ്‌നേഹത്തിന് നന്ദി പറഞ്ഞാണ് സൗദികള്‍ മടങ്ങിയത്. വിമാനത്താവളത്തിലും പ്രത്യേക പരിശോധനക്ക് പുറമെ കൊവിഡ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഇവര്‍ യാത്ര പുറപ്പെടുന്നത്. ഇന്ത്യന്‍ വ്യോമയാന മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോടെ കരിപ്പൂരിന് പുറമെ മുംബൈ, ഡല്‍ഹി എന്നിവടങ്ങളില്‍ നിന്നും രണ്ട് സര്‍വീസുകള്‍ കൂടി ഇവര്‍ക്കായി നടത്തുന്നുണ്ട്.

SHARE