സഊദിയില്‍ 420 പേര്‍ക്ക് രോഗം ഭേദമായി; ഇന്ന് നാല് മരണം കൂടി

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : കോവിഡ് 19 വൈറസ് ബാധയേറ്റ നാല് പേര്‍ കൂടി മരിച്ചതോടെ സഊദിയില്‍ കോവിഡ് 19 കേസില്‍ മരിച്ചവരുടെ എണ്ണം 29 ആയി. മദീനയില്‍ ഒരു സ്വദേശി വനിതയും ജിദ്ദ , മക്ക , മദീന എന്നിവിടങ്ങളില്‍ ഓരോ വിദേശികളുമാണ് മരണപ്പെട്ടത് . 140 പേര്‍ക്ക് കൂടി ഇന്ന് രോഗബാധ കണ്ടെത്തിയതോടെ രാജ്യത്ത് ഇതുവരെ 2179 പേര്‍ക്ക് കോവിഡ് 19 സ്ഥിതീകരിച്ചു . 69 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ ഇതുവരെ 420 പേര്‍ക്ക് രോഗശമനമുണ്ടായെന്നും സഊദി ആരോഗ്യമന്ത്രാലയ വക്താവ് മുഹമ്മദ് അല്‍ അബ്ദുല്‍ ആലി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

റിയാദ് 66 , ജിദ്ദ 21 , അല്‍ഹസ്സ ഹോഫുഫ് 15 , മക്ക 9 , ഖത്തീഫ് 5 , തബൂക്ക് 5 ,തായിഫ് 4 , അല്‍ഖോബാര്‍ 2 , ദമാം 2 , ദഹ്‌റാന്‍ 2 , മദീന 2 , അബഹ 1 , ഖമീസ് മുശൈത്ത് 1 , ജിസാന്‍ 1 ബുറൈദ 1 , ജുബൈല്‍ 1 , മജ്മ 1 , ദിരയ്യ 1 തുടങ്ങിയ സ്ഥലങ്ങളിലാണ് രോഗബാധ പുതുതായി റിപ്പോര്‍ട് ചെയ്തത്. രോഗം സ്ഥിതീകരിച്ച മൂന്ന് പേര്‍ വിദേശത്ത് നിന്നെത്തി ക്വാറന്റൈനില്‍ കഴിഞ്ഞവരും ബാക്കിയുള്ള 151 പേര്‍ സമ്പര്‍ക്കത്തില്‍ കഴിഞ്ഞവരുമാണ്.

ജിദ്ദയില്‍ ഇന്ന് മുതല്‍ ചില ഭാഗങ്ങളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. കിലോ 14 സൗത്ത് , കിലോ 14 നോര്‍ത്ത് , അല്‍ മഹ്ജര്‍, ഗുലൈല്‍, അല്‍ ഖറയാത്ത്, കിലോ 13 പെട്രോമിന്‍ എന്നിവിടങ്ങളിലാണ് 24 മണിക്കൂര്‍ കര്‍ഫ്യൂ. മക്കയിലും മദീനയിലും നേരത്തെ 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു . റിയാദ് ഉള്‍പ്പടെ മറ്റു നഗരങ്ങളില്‍ ഭാഗിക കര്‍ഫ്യൂ തുടരുന്നു.സഊദി ആഭ്യന്തര മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും പഴുതടച്ച മുന്‍കരുതല്‍ നടപടികള്‍ കൈകൊണ്ടത്.രാജ്യത്തുള്ള വിദേശികള്‍ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ സമീപത്തുള്ള സ്വകാര്യ സര്‍ക്കാര്‍ ആസ്പത്രികളെ സമീപിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമായ രേഖകളില്ലാതെ അനധികൃതമായി കഴിയുന്നവര്‍ക്കും രാജ്യത്തുള്ള ആസ്പത്രികളില്‍ പോകാമെന്നും ഇഖാമ കാണിക്കേണ്ട ആവശ്യമില്ലെന്നും ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ ചികിത്സയും സൗജന്യമായി നടത്തുമെന്നും നേരത്തെ സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചിരുന്നു.

SHARE