സഊദിയില്‍ രോഗം ബാധിച്ചവരില്‍ പകുതിയോളം പേര്‍ക്ക് രോഗമുക്തി

അഷ്‌റഫ് വേങ്ങാട്ട്

റിയാദ്: സഊദിയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം അരലക്ഷം പിന്നിട്ടു. രാജ്യത്ത് കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത ശേഷം ഏറ്റവും കൂടുതല്‍ രോഗബാധിതരെ കണ്ടെത്തിയ ദിനമാണിന്ന് . 2840 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതാടെ രോഗബാധിതരുടെ എണ്ണം 52016 ആയി. പത്ത് പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 302 ആയി. മരിച്ച പത്ത് പേരും വിദേശികളാണ്. ജിദ്ദ, മക്ക, മദീന,റഫ എന്നിവിടങ്ങളിലാണ് മരണം. 1797 പേരാണ് ഇന്ന് രോഗമുക്തരായത്. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 23666 ലെത്തിയതായും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രോഗം ബാധിച്ച ഏകദേശം പകുതിയോളം പേര്‍ക്ക് രോഗം സുഖപ്പെട്ടുവെന്നതാണ് സഊദിയിലെ സവിശേഷത. ഇന്ന് രോഗം ബാധിച്ചവരില്‍ 66 ശതമാനം വിദേശികളും 34 ശതമാനം സഊദി പൗരന്മാരുമാണ്.

നിലവില്‍ 28048 പേര്‍ വിവിധ ആസ്പത്രികളില്‍ ചികിത്സയിലാണ്. 166 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇന്ന് രോഗം ബാധിച്ചവരില്‍ 74 ശതമാനം പുരുഷന്മാരും 26 സ്ത്രീകളുമാണ്. കുട്ടികളിലും 9 ശതമാനം രോഗബാധയുണ്ട് . 87 ശതമാനം പ്രായപൂര്‍ത്തിയായവരും നാല് ശതമാനം വയോജനങ്ങളുമാണ്. ഇതാദ്യമായാണ് ദിനം പ്രതിയുള്ള റിപ്പോര്‍ട്ടില്‍ ഇത്രയധികം എണ്ണം റിപ്പോര്‍ട്ട് ചെയ്യുന്നത് . സാമൂഹിക സമ്പര്‍ക്കം വഴിയാണ് സ്ത്രീകളിലും കുട്ടികളിലും രോഗം കണ്ടെത്തിയത്. ഫീല്‍ഡ് പരിശോധന ഊര്‍ജ്ജിതമാക്കിയതിന്റെ ഫലമാണ് എണ്ണത്തിലെ വര്‍ധനയെന്നും ഇനിയും വര്‍ധനയുണ്ടാകുമെന്നും ഡോ . മുഹമ്മദ് അല്‍ അബ്ദുല്‍ അലി പറഞ്ഞു. രാജ്യത്ത് നിന്ന് കോവിഡ് വൈറസ് പൂര്‍ണ്ണമായും നിര്‍മാര്‍ജനം ചെയ്യുന്നത് വരെ ശക്തമായ രീതിയില്‍ പരിശോധനയുമായി മുന്നോട്ട് പോകും . സ്വദേശികളും വിദേശികളും പൂര്‍ണ്ണമായും സഹകരിക്കണമെന്നും കര്‍ഫ്യൂവിലെ ഇളവ് ദുരുപയോഗം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ അതീവ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി .

ഇന്ന് മേഖല അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ തലസ്ഥാന നഗരിയായ റിയാദില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ദിനം കൂടിയാണിന്ന്. 839 പേര്‍ക്കാണ് റിയാദില്‍ രോഗം കണ്ടെത്തിയത്. മറ്റു നഗരങ്ങളിലും കേസുകളുടെ എണ്ണം കൂടുതലാണിന്ന്. ജിദ്ദ 450 , മക്ക 366 , മദീന 290 , ദമ്മാം 180 , ദിരിയ 89, ഖതീഫ് 80 , അല്‍കോബാര്‍ 78 , ജുബൈല്‍ 75 , താഇഫ് 57 , യാമ്പു 50 , ഹുഫൂഫ് 49 , തബൂക്ക് 38 , ബുറൈദ 24 , ഹഫര്‍ അല്‍ബാതിന്‍ 20 , വാദി ദവാസിര്‍ 19 , ദഹ്‌റാന്‍ 15 , ബഖീഖ് 13 , നാരിയ 9 , ഹാഇല്‍ 8 , അല്‍ഖര്‍ജ് 7 , ഖഫ്ജി 6 , സഫ് വ 5 , ശഖ്‌റ 5 , മിദ്‌നബ് 5 , ഖുലൈസ് 5 , ഖുര്‍മ 4 , മജ്മ 4 , റാസ്തനൂറ 3 , മന്‍ഫദ് 3 , ജദീദ ്‌റാര്‍ 3 , താദിഖ് 3, അല്‍ബുഖൈരിയ 2 , വാദി അല്‍ഫറ, അല്‍ഖുറൈഇ 2 , അല്ലൈത് 2 , അല്‍ഖറ 2 , ഹോത്ത ബനീ തമീം 2 , സുലൈല്‍ 2 , സകാക, അല്‍മുബറസ്, അല്‍ജഫര്‍, ഖമീസ് മുശൈത്ത്, ഉനൈസ, അല്‍ബദായ, അല്‍റാസ്, ഉഖഌ് സുകൂര്‍, ബിഷ, സബ്ത് അല്‍അലായ, ഉംലുജ്, ഹഖ്ല്‍, ദേബ, അല്‍വജ, അല്‍ഖൂസ്, അറാര്‍, ഹസം അല്‍ജലാമിദ്, അല്‍ദിലം, ലൈല, ദുര്‍മ, സുല്‍ഫി, അല്‍ഖുവയ്യ, റുമ, ഖുറയാത്ത് എന്നിവിടങ്ങളില്‍ ഓരോ കേസ് വീതമാണുള്ളത്.

SHARE