റിയാദിലും മക്കയിലും മദീനയിലും കര്‍ഫ്യൂ സമയം ദീര്‍ഘിപ്പിച്ചു

അഷ്റഫ് വേങ്ങാട്ട്

റിയാദ് : കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി സുപ്രധാന നഗരങ്ങളില്‍ കര്‍ഫ്യൂ സമയം ദീര്‍ഘിപ്പിക്കാന്‍ സഊദി തീരുമാനിച്ചു. തലസ്ഥാന നഗരിയായ റിയാദിലും പുണ്യ നഗരങ്ങളായ മക്കയിലും മദീനയിലുമാണ് വ്യാഴാഴ്ച മുതല്‍ സമയമാറ്റം. ഉച്ചക്ക് മൂന്ന് മണി മുതല്‍ പിറ്റേന്ന് രാവിലെ ആറ് മണി വരെയായിരിക്കും കര്‍ഫ്യൂ. നിലവില്‍ വൈകീട്ട് ഏഴ് മണി മുതല്‍ രാവിലെ ആറ് മണി വരെയായിരുന്നു.

കൊറോണ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ മന്ത്രാലയത്തിന്റെയും വിദഗ്ദ്ധ സമിതിയുടെയും ശുപാര്‍ശയനുസരിച്ച് സഊദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് കര്‍ഫ്യൂ സമയം നീട്ടാന്‍ നിര്‍ദേശം നല്‍കിയത്.

സഊദിയിലെ മറ്റു പ്രവിശ്യകളില്‍ കര്‍ഫ്യൂ സമയം ദീര്‍ഘിപ്പിക്കാന്‍ അതത് പ്രവിശ്യാ ഗവര്‍ണറേറ്റുകള്‍ ആ മേഖലയിലെ ആരോഗ്യ മന്ത്രാലയവുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുന്നതിനും തിരുഗേഹങ്ങളുടെ സേവകന്‍ കൂടിയായ സല്‍മാന്‍ രാജാവ് അനുമതി നല്‍കിയിട്ടുണ്ട്.

കൂടാതെ രാജ്യത്തെ പതിമൂന്ന് പ്രവിശ്യകളിലേയും താമസക്കാര്‍് മറ്റൊരു പ്രവിശ്യയിലേക്ക് പോകുന്നതും വരുന്നതും നിരോധിച്ചിട്ടുണ്ട്. റിയാദ്, മക്ക, മദീന എന്നീ നഗരങ്ങളില്‍ നിന്ന് പുറത്ത് പോകുന്നതും ഈ നഗരങ്ങളിലേക്ക് പുറത്ത് നിന്നും പ്രവേശിക്കുന്നതും വിലക്കിയിട്ടുണ്ട്.
കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയ വിഭാഗങ്ങള്‍ക്ക് നിബന്ധനകള്‍ കര്‍ശനമായി പാലിച്ച് പുറത്തിറങ്ങി ജോലിയില്‍ ഏര്‍പ്പെടാവുന്നതാണെന്നും എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജകല്‍പന പ്രകാരമുള്ള കര്‍ശനമായ നിയന്ത്രണം പാലിക്കാന്‍ സ്വദേശികളോടൊപ്പം വിദേശികളും ബാധ്യസ്ഥരാണെന്നും നിയമം ലംഘിച്ചാല്‍ കനത്ത പിഴയും ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടി വരുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

SHARE