സഊദിയിൽ ഇന്ന് മുതൽ രാത്രികാല കർഫ്യൂ

അഷ്‌റഫ്‌ വേങ്ങാട്ട്

റിയാദ് : സഊദിയിൽ ഇന്ന് (തിങ്കളാഴ്ച) മുതൽ 21 ദിവസം കർഫ്യൂ ഏർപ്പെടുത്താൻ സഊദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടു.
വൈകീട്ട് 7 മുതൽ രാവിലെ ആറ് വരെയാണ് കർഫ്യൂ പ്രഖ്യാപിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം ട്വിറ്റെർ വഴി അറിയിച്ചു. കൊറോണ വ്യാപനം തടയാനുള്ള കർശന നിയന്ത്രണത്തിന്റെ ഭാഗമായാണ് നിരോധനാജ്ഞ.

കർഫ്യൂ നടപ്പാക്കുന്നതിന് സിവില്‍, സൈനിക വിഭാഗങ്ങള്‍ ആഭ്യന്തരമന്ത്രാലയവുമായി സഹകരിക്കണമെന്നും
സുരക്ഷ, സൈനിക, മാധ്യമ, ആരോഗ്യ, തന്ത്രപ്രധാന മേഖലകളെ നിബന്ധനകള്‍ക്ക് വിധേയമായി കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും രാജവിജ്ഞാപനത്തിൽ പറയുന്നു. വളരെ അടിയന്തിര ആവശ്യങ്ങൾക്കല്ലാതെ സ്വദേശികളും വിദേശികളും പുറത്തിറങ്ങരുതെന്നും പൊതുജനാരോഗ്യം സംരക്ഷിക്കുകയെന്നത് രാജ്യത്തുള്ള എല്ലാവരുടെയും ബാധ്യതയാണെന്നും മഹാമാരിയുടെ വ്യാപനത്തിന് ആരും കാരണക്കാരാകരുതെന്നും ഉത്തരവിൽ വ്യക്തമാക്കി. ഉത്തരവ് ലംഘിച്ചാൽ കടുത്ത ശിക്ഷ നടപടികൾ ഉണ്ടാകും. ഇതിനായി പ്രത്യേക പരിശോധന സംഘം പ്രവർത്തിക്കും. അവശ്യ സർവീസുകളൊഴികെ മറ്റ് വാണിജ്യ വ്യാപാര സ്ഥാപനങ്ങളെല്ലാം ഈ സമയം അടക്കേണ്ടി വരും. ജനങ്ങൾ പുറത്തിറങ്ങുന്നതിനും വിലക്കുണ്ട്.

സഊദിയിൽ കൊറോണ കേസ് 511 പേർക്ക് സ്ഥിതീകരിച്ച സാഹചര്യത്തിലാണ് തീവ്രമായ പ്രതിരോധ നടപടികളിലേക്ക് നീങ്ങിയത്. തലസ്ഥാന നഗരിയായ റിയാദിൽ മാത്രം അസുഖ ബാധിതരുടെ എണ്ണം 200 ആയി. മക്കയില്‍ 143 ഉം കിഴക്കന്‍ പ്രവിശ്യയിലാകെ 119 പേര്‍ക്കും ജിദ്ദയില്‍ 43 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. അസീറില്‍ മൂന്നും ജസാനില്‍ രണ്ടും പേര്‍ ചികിത്സയിലാണ്. അബഹ, മദീന, തബൂക്ക്, അൽ ഖസീം എന്നിവിടങ്ങിലും ഓരോരുത്തര്‍ വീതമുണ്ട്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെല്ലാം നിരീക്ഷണത്തിലാണ്. മക്കയില്‍ 72 തുര്‍ക്കി സ്വദേശികള്‍ പ്രത്യേക നിരീക്ഷണത്തിലുണ്ട്. നേരത്തെ രോഗ ബാധ കണ്ടെത്തിയ തുർക്കി പൗരനുമായി സമ്പർക്കം പുലർത്തിയവരാണ് ഇവർ.

SHARE