പ്രവാസികളെ വഞ്ചിച്ച പിണറായി സര്‍ക്കാര്‍ രാജിവെക്കണം – സഊദി കെഎംസിസി

റിയാദ് : പ്രവാസികളെ വഞ്ചിച്ച പിണറായി സര്‍ക്കാര്‍ രാജിവെക്കണമെന്നും കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ലംഘിച്ച മുഖ്യമന്ത്രിക്ക് ധാര്‍മികമായി തുടരാന്‍ അര്‍ഹതയില്ലെന്നും കെഎംസിസി സഊദി നാഷണല്‍ കമ്മിറ്റി. നാട്ടിലെത്തുന്ന പ്രവാസികളുടെ കൊറന്റൈന്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ യു ഡി എഫ് മുന്നോട്ട് വരണമെന്നും കെഎംസിസി നാഷണല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. കൊറന്റൈന്‍ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കില്ലെന്നും പൂര്‍ണ്ണമായും പ്രവാസികള്‍ വഹിക്കണമെന്നുമുള്ള ഇന്നലത്തെ പ്രഖ്യാപനം നാനാഭാഗങ്ങളില്‍ നിന്നുള്ള കടുത്ത സമ്മര്‍ദ്ദം മൂലം ഇന്ന് തിരുത്തിയ മുഖ്യമന്ത്രി പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കില്ലെന്നാണ് തട്ടിവിട്ടിട്ടുള്ളത്. ഏത് അളവുകോല്‍ വെച്ചാണ് പ്രവാസികള്‍ക്കിടയിലെ പാവങ്ങളെ കണ്ടെത്താന്‍ പോകുന്നതെന്ന് പിണറായി വ്യക്തമാക്കണം. പ്രതിഷേധാഗ്‌നിയില്‍ നിന്ന് രക്ഷപെടാനുള്ള മറ്റൊരു നാടകമാണ് ഈ പ്രഖ്യാപനം.

ദുരിതക്കയത്തില്‍ പെട്ട് ജീവനുംകൊണ്ട് തിരിച്ചെത്തുന്ന പ്രവാസികളുടെ ദയനീയത വേദനയോടെ നെഞ്ചേറ്റിയ കേരളജനതക്ക് മുമ്പില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കാതെ വന്നപ്പോഴാണ് മുഖ്യമന്ത്രിയുടെ ഈ കാരുണ്യം. മുഖ്യമന്ത്രിയുടെ ധാര്ഷ്ട്യം നിറഞ്ഞ കാരുണ്യത്തിനു ക്യു നില്‍ക്കേണ്ട ഗതികേടൊന്നും കേരളത്തിലെ പ്രവാസികള്‍ക്കില്ല. കോവിഡിന്റെ കണക്ക് പറഞ്ഞു പ്രവാസികളടക്കമുള്ളവരില്‍ നിന്ന്
പിരിച്ചെടുത്ത തുകയില്‍ നിന്ന് മാത്രം മതി പ്രവാസിയുടെ കൊറന്റൈന്‍ ചെലവുകള്‍. വാര്‍ത്താ മാധ്യമങ്ങള്‍ക്ക് മുമ്പിലിരുന്നു ദൈര്‍ഘ്യമേറിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ച കോടിക്കണക്കിന് വരുന്ന ആ ഫണ്ടിന്റെ കണക്കുകളും പൊതുജനങ്ങളറിയണം. ദൈനം ദിന കോവിഡ് റിപ്പോര്‍ട്ടിങ് പരിപാടി പ്രതിച്ഛായ മിനുക്കാനുള്ള പരിപാടിയാക്കി മാറ്റി. പ്രവാസലോകത്ത് മരിച്ചുവീഴുന്ന നൂറുകണക്കിന് പ്രവാസികളുടെ വാര്‍ത്തകള്‍ ആ റിപ്പോര്‍ട്ടിങ്ങിലെ നിമിഷങ്ങള്‍ക്ക് വ്യാപ്തി പകരാന്‍ മാത്രമുള്ളതായി മാറി.

ഒട്ടും ആത്മാര്‍ത്ഥയില്ലാത്ത സമീപനമാണ് പ്രവാസികളോട് മുഖ്യമന്ത്രി കാണിച്ചത്. പ്രവാസികളുടെ പണമാണ് തങ്ങള്‍ക്കാവശ്യമെന്നും അവരുടെ പ്രതിസന്ധികളില്‍ അവരോടൊപ്പം നില്‍ക്കാനാവില്ലെന്നും സര്‍ക്കാര്‍ ഒരിക്കല്‍ കൂടെ തെളിയിച്ചു കഴിഞ്ഞു. പ്രഖ്യാപനങ്ങളിലൂടെ ജനമസ്സുകളില്‍ സ്ഥാനം പിടിക്കാനും പ്രവാസികളോടൊപ്പമുണ്ടെന്ന് കാണിക്കാനും പിണറായി നടത്തുന്ന ചെപ്പടി വിദ്യകളില്‍ കേരളത്തിലെ പ്രബുദ്ധരായ ജനതയും പ്രവാസികളും അവരുടെ കുടുംബങ്ങളും അകപ്പെടില്ല .

രണ്ടര ലക്ഷത്തിലധികം പ്രവാസികളെ സ്വീകരിക്കാനും പരിചരിക്കാനും സംസ്ഥാനത്ത് സൗജന്യമായ സൗകര്യമൊരുക്കിയിരിക്കുന്നുവെന്ന് ലൈവില്‍ ജനങ്ങളോട് പറഞ്ഞ മുഖ്യമന്ത്രി
നടത്തിയ കരണംമറിച്ചില്‍ തിരിച്ചറിയാന്‍ കഴിയാത്തവരുമല്ല പ്രവാസി സമൂഹം. പ്രവാസികളുടെ കൊറന്റൈന്‍ സൗകര്യങ്ങള്‍ക്ക് വേണ്ടി നിരവധി സ്ഥാപനങ്ങള്‍ സൗജന്യമായി വിട്ടു നല്‍കിയ മുസ്ലിംലീഗടക്കമുള്ള സംഘടനകളുടെ ഔദാര്യത്തിലാണ് നിലവില്‍ ഒരുക്കിയിരിക്കുന്ന പല കൊറന്റൈന്‍ സംവിധാനങ്ങളും. അല്ലാതെ പിണറായി കനിഞ്ഞു നല്‍കിയതല്ല. ഈ അനീതിക്കെതിരെ പോരാടാന്‍ മുസ്ലിംലീഗ് പാര്‍ട്ടിയോടൊപ്പം കേരളത്തിലെ പ്രവാസി കുടുംബങ്ങളും കൈകോര്‍ക്കും. യു ഡി എഫ് നടത്തുന്ന പ്രക്ഷോഭ പരിപാടികളിലും പ്രവാസ ലോകം അണിനിരക്കുമെന്നും കെഎംസിസി സഊദി നാഷണല്‍ കമ്മിറ്റി ഭാരവാഹികളായ കെപി മുഹമ്മദ്കുട്ടി, വര്‍ക്കിങ് പ്രസിഡണ്ട് അഷ്റഫ് വേങ്ങാട്ട് , ജനറല്‍ സെക്രട്ടറി ഖാദര്‍ ചെങ്കള, ട്രഷറര്‍ കുഞ്ഞിമോന്‍ കാക്കിയ എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

SHARE