‘എന്റെ കൂടി അഭിമാനമാണ് സഫ’; സഫയെ അഭിനന്ദിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

കോഴിക്കോട്: വയനാട് എംപി രാഹുല്‍ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി സഫയെ അഭിനന്ദിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. പണ്ട് സീതി സാഹിബും,സിഎച്ചും,ശിഹാബ് തങ്ങളും, കിനാവ് കണ്ടൊരു കാലമാണിതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. കരുവാരക്കുണ്ട് ജിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് സഫ. സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കാനെത്തിയതായിരുന്നു രാഹുല്‍. രക്ഷിതാക്കള്‍ക്കും സഹപാഠികള്‍ക്കുമൊപ്പം സദസ്സിലിരിക്കുകയായിരുന്ന സഫ രാഹുലിന്റെ ക്ഷണം സ്വീകരിച്ചാണ് പ്രസംഗം പരിഭാഷപ്പെടുത്തിയത്. പ്രസംഗം പൂര്‍ണ്ണമായും അതിന്റെ അര്‍ത്ഥവും സൗന്ദര്യവും ചോരാതെ സഫ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയായിരുന്നു.പ്രസംഗത്തിനു ശേഷം രാഹുല്‍ സഫയെ അനുമോദിച്ചു. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുല്‍ഗാന്ധി വയനാട്ടിലെത്തിയത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

പണ്ട് സീതി സാഹിബും,സി എച്ചും,ശിഹാബ് തങ്ങളും, കിനാവ് കണ്ടൊരു കാലമാണിത്, ഒരു മുസ്ലിം പെണ്‍കുട്ടി അതും പതിനാറുകാരി ഒരു ദേശീയ നേതാവിന്റെ പ്രസംഗം തര്‍ജമ ചെയ്യുന്നു. പറഞ്ഞു പഠിപ്പിച്ചതോ, എഴുതി നല്‍കിയതോ അല്ല, അനുനിമിഷത്തിലെ ഒരു വെല്ലുവിളിയെ മനോഹരമായി ഏറ്റെടുക്കുന്നു. അതിനെ രാജകീയമായി കൈകാര്യം ചെയ്യുന്നു. ഒരു മലപ്പുറത്ത് കാരി പെണ്‍കുട്ടി എത്ര വലിയ ഉയരമാണ് കീഴടക്കിയതെന്ന് നോക്കൂ ഇതൊരു സ്വപ്‌നത്തിന്റെ സാക്ഷാത്കാരം തന്നെയാണ്. വൈജ്ഞാനിക വിപ്ലവത്തിന്റെ പരിണിതഫലം…

സഫമോള്‍ക്ക്, അഭിനന്ദനങ്ങള്‍..
ഈ മിടുക്ക് കാലത്തെ അതിജയിക്കട്ടെ..

SHARE