രഹ്ന ഫാത്തിമയോടും കനകദുര്‍ഗയോടും കാത്തിരിക്കാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതി

ന്യൂഡല്‍ഹി: ശബരിമല ദര്‍ശനത്തിന് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ ഉടന്‍ ഉത്തരവില്ലെന്ന് സുപ്രീം കോടതി. രാജ്യത്ത് അക്രമം നടക്കാന്‍ കോടതി ആഗ്രഹിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ പറഞ്ഞു. ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന് കാണിച്ച് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ, ബിന്ദു അമ്മിണി എന്നിവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ ഇക്കാര്യം വ്യക്തമാക്കിയത്.

ശബരിമല ദര്‍ശനത്തിന് സുരക്ഷ ഒരുക്കാന്‍ കേരളാ പൊലീസ് തയ്യാറാകുന്നില്ലെന്നും, സംസ്ഥാന സര്‍ക്കാരിനോട് പൊലീസ് സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദേശിക്കണമെന്നുമാണ് രഹ്ന ഫാത്തിമ നല്‍കിയ ഹര്‍ജിയിലെ ആവശ്യം. ശബരിമല യുവതി പ്രവേശനം നടപ്പിലാക്കണമെന്നായിരുന്നു ബിന്ദു അമ്മിണിയുടെ ആവശ്യം.

വിശാലബെഞ്ച് വരുന്നതു വരെ കാത്തിരിക്കണം. രാജ്യത്തെ നിലവിലെ അവസ്ഥ സ്‌ഫോടനാത്മകമാണ്. അതുകൊണ്ടു തന്നെ ഹര്‍ജികളില്‍ ഉടന്‍ ഉത്തരവില്ലെന്ന് എസ്.എ ബോബ്‌ഡെ വ്യക്തമാക്കി. ശബരിമല യുവതി പ്രവേശനുവായി ബന്ധപ്പെട്ട വിശാലബെഞ്ചിന്റെ രൂപീകരണം വേഗത്തിലാക്കുമെന്നും ചീഫ് ജസ്റ്റിസ് സൂചിപ്പിച്ചു.

കഴിഞ്ഞ മണ്ഡലകാലത്ത് രഹ്ന ഫാത്തിമ ദര്‍ശനത്തിന് ശ്രമിച്ചത് സംഘര്‍ഷമുണ്ടാക്കിയിരുന്നു. ഹെല്‍മറ്റ് ധരിപ്പിച്ച് സന്നിധാനത്ത് എത്തിക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങുകയായിരുന്നു. പിന്നീട് മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ പൊലീസ് രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.