സ്‌കൂളിലെ അധ്യയന ദിനങ്ങള്‍ 100 ആയി കുറച്ചേക്കും; പരീക്ഷയിലും മാറ്റങ്ങളെന്ന് സൂചന

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകളിലെ അധ്യയനദിനങ്ങള്‍ 100 ആയി വെട്ടിചുരുക്കിയേക്കും.നിലവില്‍ 220 ദിവസമാണ് അധ്യയനദിനങ്ങളായി ഉണ്ടായിരുന്നത്. ഓരോ അക്കാദമിക് വര്‍ഷത്തിലും 1320 മണിക്കൂര്‍ സ്‌കൂളുകളില്‍ തന്നെ അധ്യയനം നടക്കണം എന്ന വ്യവസ്ഥയിലും കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി കൊണ്ട് വരും. 600 മണിക്കൂര്‍ സ്‌കൂളിലും 600 മണിക്കൂര്‍ വീടുകളിലും അധ്യയനം നടത്തണം എന്ന വ്യവസ്ഥ ആണ് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം കൊണ്ട് വരിക. ഓരോ പീരിയഡിന്റെയും ദൈര്‍ഘ്യം 45 മിനുട്ടില്‍ നിന്ന് 30 മിനുട്ട് ആയി വെട്ടി ചുരുക്കിയേക്കും.

ഓരോ വര്‍ഷവും 120 മണിക്കൂര്‍ അഥവാ 20 അധ്യയന ദിവസങ്ങള്‍ സ്‌കൂളുകളിലോ, വീട്ടിലോ വച്ച് ഡോക്ടര്‍മാരോ, മനഃശാസ്ത്ര വിദഗ്ധരോ കുട്ടികളെ കൗണ്‍സില്‍ ചെയ്യണം എന്ന നിര്‍ദേശവും കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ട്.

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കുന്നതിന് ഷിഫ്റ്റ് സമ്പ്രദായം കൊണ്ട് വരണം എന്ന നിര്‍ദേശം മാര്‍ഗ്ഗരേഖയില്‍ ഉണ്ടെന്നാണ് സൂചന. ഒരു ക്‌ളാസില്‍ പരമാവധി 15 മുതല്‍ 20 വരെ കുട്ടികളെ പാടുള്ളു. അതില്‍ കൂടുതല്‍ കുട്ടികള്‍ ഒരു ക്‌ളാസില്‍ ഉണ്ടെങ്കില്‍ രണ്ട് ബാച്ച് ആക്കണം. ഓരോ ബാച്ചിനും ഇടവിട്ടുള്ള ദിവസങ്ങളില്‍ ക്‌ളാസ്. ക്ലാസുകള്‍ നടത്തുന്നതിന് ഒറ്റ ഇരട്ട അക്ക സംവിധാനം ഏര്‍പ്പെടുത്തണം. ക്‌ളാസ്സുകളില്‍ കുട്ടികളെ ഇരുത്തുന്നത് സാമൂഹിക അകലം പാലിച്ച് ആയിരിക്കണം. രണ്ട് കുട്ടികള്‍ തമ്മില്‍ ആറടി അകലത്തില്‍ മാത്രമേ ഇരിക്കാന്‍ അനുവദിക്കാവു.

30 മുതല്‍ 50 ശതമാനത്തില്‍ അധികം വിദ്യാര്‍ത്ഥികള്‍ ഒരു സമയം സ്‌കൂളുകളില്‍ ഉണ്ടാകരുത് എന്നാണ് എന്‍ സി ഇ ആര്‍ ടി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.
ആദ്യ ഘട്ടത്തില്‍ ഉയര്‍ന്ന ക്‌ളാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ക്‌ളാസ്സുകള്‍ കാണുകയുള്ളു എങ്കിലും വൈകാതെ ഒന്ന് മുതല്‍ ഉള്ള ക്‌ളാസ്സുകള്‍ ആരംഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് സമ്മര്‍ദ്ദം ഉണ്ടാകാത്ത പരീക്ഷ രീതികള്‍ നടപ്പിലാക്കാന്‍ ആണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

SHARE