സീനിയര്‍ ഫുട്‌ബോള്‍: തൃശൂരിന് കിരീടം


കൊച്ചി: സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം തൃശൂരിന്. പനമ്പിള്ളിനഗര്‍ സ്‌പോര്‍ട്‌സ് അക്കാദമി ഗ്രൗണ്ടില്‍ നടന്ന ഫൈനലില്‍ കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്‌സ് അപ്പായ കോട്ടയത്തെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് തൃശൂര്‍ കിരീടം നേടിയത്. ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും വല ചലിപ്പിക്കാനായില്ല.
65ാം മിനുറ്റില്‍ ടൂര്‍ണമെന്റിലുടനീളം മികച്ച ഫോമിലുള്ള റോഷന്‍ വി ജിജി തൃശൂരിനായി ലീഡ് നേടി. അഞ്ചു മിനുറ്റുകള്‍ക്കപ്പുറം ആന്റണി പൗലോസ് ലീഡുയര്‍ത്തിയതോടെ തൃശൂര്‍ വിജയവുമുറപ്പിച്ചു. പാലക്കാടിനെതിരായ സെമി ഫൈനലിലും റോഷന്‍ രണ്ടു ഗോളുകള്‍ നേടിയിരുന്നു. എതിരില്ലാത്ത നാലു ഗോളുകള്‍ക്കായിരുന്നു സെമിയില്‍ തൃശൂരിന്റെ വിജയം. ഇന്നലെ രാവിലെ നടന്ന ലൂസേഴ്‌സ് ഫൈനലില്‍ പാലക്കാടിനെ തോല്‍പ്പിച്ച് ഇടുക്കി മൂന്നാം സ്ഥാനക്കാരായി. മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഇടുക്കിയുടെ വിജയം. കളിയുടെ 29ാം മിനുറ്റില്‍ ദീപക് രാജാണ് വിജയ ഗോള്‍ നേടിയത്.