ജാതി വിവേചനത്തെ തുടര്‍ന്നുള്ള പൊലീസുകാരന്റെ മരണം: ഏഴു പൊലീസുകാരും കീഴടങ്ങി

പാലക്കാട്: കല്ലോട് എആര്‍ ക്യാംപിലെ പൊലീസുകാരന്‍ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായ ഏഴു പൊലീസുകാരും കീഴടങ്ങി. എഎസ്‌ഐമാരായ എന്‍.റഫീഖ്, പി. ഹരിഗോവിന്ദന്‍, സിപിഒമാരായ കെ.സി.മഹേഷ്, എസ്.ശ്രീജിത്, കെ.വൈശാഖ്, വി.ജയേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എം.മുഹമ്മദ് ആസാദ് എന്നിവരാണു െ്രെകംബ്രാഞ്ച് എസ്പിക്കു മുന്നില്‍ കീഴടങ്ങിയത്. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിരുന്നു.

അട്ടപ്പാടി അഗളി സ്വദേശി എആര്‍ ക്യാംപിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കുമാറിനെ ജൂലൈ 25 ന് രാത്രിയാണ് ലക്കിടി റെയില്‍വേ സ്‌റ്റേഷനു സമീപം മരിച്ചനിലയില്‍ കണ്ടെത്തിയത്. ജാതിവിവേചനത്തെത്തുടര്‍ന്നു കുമാര്‍ ആത്മഹത്യ ചെയ്തുവെന്നാണ് ആരോപണം. സംഭവത്തില്‍ ക്യാംപിലെ ഏഴു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യുകയും പിന്നീട് കേസന്വേഷണം സര്‍ക്കാര്‍ െ്രെകംബ്രാഞ്ചിനു കൈമാറുകയുമായിരുന്നു.

ആദിവാസി വിഭാഗത്തില്‍പ്പെട്ട കുമാറിനെ ഉന്നത ഉദ്യോഗസ്ഥരടക്കം നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ക്യാംപില്‍ ജാതിവിവേചനം ഉണ്ടായിരുന്നെന്നും ഭാര്യ സജിനി ആരോപിച്ചിരുന്നു. അധിക ജോലി ചെയ്യിക്കുകയും ചെയ്തിരുന്നുവെന്നും ഭാര്യ ആരോപിച്ചു.

SHARE