ഷാഹിന്‍ബാഗ് സമരക്കാരുമായി സംസാരിക്കാന്‍ സുപ്രീംകോടതി മധ്യസ്ഥന്‍മാരെ നിയമിച്ചു

ന്യൂഡല്‍ഹി: ഷാഹിന്‍ബാഗ് സമരക്കാരുമായി സംസാരിക്കാന്‍ സുപ്രീംകോടതി മധ്യസ്ഥന്‍മാരെ നിയമിച്ചു. റോഡ് ഉപരോധിച്ചുകൊണ്ടുള്ള ഷാഹിന്‍ബാഗ് സമരം 60 ദിവസം പിന്നിടുമ്പോഴാണ് സുപ്രീംകോടതി ഇടപെടല്‍. മുതിര്‍ന്ന അഭിഭാഷകരായ സഞ്ജയ് ഹെഗ്‌ഡെയും സാധന രാമചന്ദ്രനുമാണ് സമരക്കാരുമായി ചര്‍ച്ച നടത്തുക. മുന്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ വജാഹത്ത് ഹബീബുള്ള ഇവരെ സഹായിക്കും. ജസ്റ്റിസുമാരായ എസ്.കെ കൗള്‍, കെ.എം ജോസഫ് എന്നിവരുടെ ബെഞ്ചണ് ഹര്‍ജി പരിഗണിച്ചത്. സമരക്കാരെ നീക്കാന്‍ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് അഭിഭാഷകരായ അമിത് സാഹ്നി, നന്ദ കിഷോര്‍ ഗാര്‍ഗ് എന്നിവരാണ് ഹര്‍ജി നല്‍കിയത്.

വിഷയത്തില്‍ പരിഹാരമാവശ്യപ്പെട്ട് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് കോടതി ഡല്‍ഹി പൊലീസിനോടും അധികൃതരോടും ആവശ്യപ്പെട്ടു. പ്രതിഷേധക്കാരെ സമ്പൂര്‍ണ്ണമായി നീക്കുക മാത്രമാണ് പരിഹാരത്തിനുള്ള ഏക വഴി എന്ന് കേന്ദ്രം വാദിച്ചു.

എന്നാല്‍ പ്രതിഷേധിക്കാനുള്ള അവകാശം മൗലികമാണെന്ന് കോടതി നിരീക്ഷിച്ചു. 60 ദിവസം സമരം ചെയ്തിട്ടും അവരുമായി സംസാരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായോ എന്ന് കോടതി ചോദിച്ചു. മധ്യസ്ഥനായ സഞ്ജയ് ഹെഗ്‌ഡെ വിഷയത്തില്‍ ‘പ്രത്യേക’ നിലപാടുള്ള ആളാണെന്ന് കേന്ദ്രസര്‍ക്കാറിന് വേണ്ടി ഹാജറായ തുഷാര്‍ മേത്ത പറഞ്ഞെങ്കിലും കോടതി അംഗീകരിച്ചില്ല.

കഴിഞ്ഞ ഡിസംബറില്‍ ജാമിഅ വിദ്യാര്‍ത്ഥികള്‍ക്കെതിരായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് ഷാഹിന്‍ബാഗില്‍ സ്ത്രീകള്‍ സമരം ആരംഭിച്ചത്. 60 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ രാജ്യവ്യാപകമായി ഷാഹിന്‍ബാഗ് സ്‌ക്വയറുകള്‍ ഉയര്‍ന്നുവരികയാണ്.

SHARE