സെക്രട്ടേറിയറ്റിനു മുന്നിലെ ശഹീന്‍ബാഗ് സമരപ്പന്തല്‍ 12 മണിക്കൂറിനകം പൊളിക്കണമെന്ന് പൊലീസ്

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നിലെ ശഹീന്‍ബാഗ് ഐക്യദാര്‍ഢ്യ സമരപന്തല്‍ അടക്കം പൊളിക്കണമെന്ന് പന്തലുടമകള്‍ക്ക് പൊലീസിന്റെ കര്‍ശന നിര്‍ദേശം. 12 മണിക്കൂറിനുള്ളില്‍ പൊളിക്കണമെന്നാണ് നിര്‍ദേശം. പന്തല്‍ പൊളിച്ചാലും സമരം തുടരുമെന്നാണ് സമരക്കാരുടെ നിലപാട്.

ശാഹീന്‍ബാഗ് ഐക്യദാര്‍ഢ്യ സമരവും ജസ്റ്റിസ് ഫോര്‍ വാളയാര്‍ കിഡ്‌സ് ഫോറം നടത്തുന്ന റിലേ സത്യാഗ്രഹവുമാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്നത്. വഴിയാത്രക്കാര്‍ക്ക് തടസമുണ്ടാക്കുന്നു, സെക്രട്ടറിയേറ്റ് മറക്കുന്നു തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഞായറാഴ്ച കന്റോണ്‍മെന്റ് പൊലീസ് സമരക്കാര്‍ക്ക് പന്തല്‍ പൊളിക്കാന്‍ നോട്ടീസ് നല്‍കിയിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ പന്തല്‍ പൊളിക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ സമരക്കാര്‍ പന്തല്‍ പൊളിക്കാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് പന്തലുടമകള്‍ക്ക് പൊലീസ് നോട്ടീസ് നല്‍കിയത്. 12 മണിക്കൂറിനുള്ളില്‍ പൊളിക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് പന്തലുടമ സമരപ്പന്തലില്‍ എത്തി. എന്നാല്‍ സമരക്കാര്‍ എതിര്‍ത്തു.

പന്തല്‍ പൊളിക്കാന്‍ നഗരസഭക്ക് നിര്‍ദേശം നല്‍കാനൊരുങ്ങുകയാണ് പൊലീസ്. അത്തരം ഒരു ആവശ്യം പൊലീസ് ഉന്നയിച്ചാല്‍ പന്തല്‍ പൊളിക്കുമെന്നാണ് നഗരസഭയുടെ നിലപാട്. ജസ്റ്റിസ് ഫോര്‍ വാളയാര്‍ കിഡ്‌സ് ഫോറം 28 ദിവസവും ശാഹീന്‍ബാഗ് സമര സമിതി 16 ദിവസവുമായാണ് സമരം നടത്തുന്നത്.