വിധി സ്വാഗതം ചെയ്യുന്നതായി സമരക്കാര്‍, ഷാഹിന്‍ബാഗില്‍ നിന്ന് വേദി മാറ്റില്ല

ന്യൂഡല്‍ഹി: മധ്യസ്ഥ ചര്‍ച്ചക്ക് സമിതിയെ നിയോഗിച്ച സുപ്രീംകോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നുവെന്ന് ഷാഹിന്‍ബാഗ് സമരക്കാര്‍. അതേസമയം സമര വേദി മാറ്റണമെന്ന ആവശ്യം അംഗീകരിക്കില്ലെന്നും സമരക്കാര്‍ വ്യക്തമാക്കി.
കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. പൗരത്വ ഭേദഗതി നിയമം(സി.എ.എ), ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍. പി.ആര്‍), ദേശീയ പൗരത്വ രജിസ്റ്റര്‍(എന്‍. ആര്‍.സി) എന്നിവ സംബന്ധിച്ച ആശങ്കകള്‍ മധ്യസ്ഥ സമിതി മുമ്പാകെ അവതരിപ്പിക്കും. എന്നാല്‍ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുകയെന്ന ആവശ്യം അംഗീകരിക്കും വരെ ഇതേ സ്ഥലത്തു തന്നെ തുടരുമെന്നും സമരക്കാര്‍ വ്യക്തമാക്കി.
എക്‌സ്പ്രസ് ഹൈവേ ഉപരോധിച്ചുകൊണ്ട് ഷാഹിന്‍ബാഗില്‍ രണ്ടു മാസമായി പൗരത്വ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നവരെ നീക്കം ചെയ്യാന്‍ ഡല്‍ഹി പൊലീസിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജിയിലാണ് മുതിര്‍ന്ന അഭിഭാഷകരായ സഞ്ജയ് ഹെഗ്‌ഡെ, സാധന രാമചന്ദ്രന്‍, മുന്‍ വിവരാവകാശ കമ്മീഷണര്‍ വജ്ഹത്ത് ഹബീബുല്ല എന്നിവരടങ്ങിയ മൂന്നംഗ സമിതിയെ സുപ്രീംകോടതി മധ്യസ്ഥതക്ക് നിയോഗിച്ചത്. കേസ് വീണ്ടും പരിഗണിക്കുന്നത് ഫെബ്രുവരി 24ലേക്ക് മാറ്റിയ കോടതി, ഇതിനു മുമ്പ് സമരക്കാരുമായി സംസാരിച്ച് നിലപാട് അറിയിക്കാനാണ് മധ്യസ്ഥ സമിതിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം പൗരത്വ ഭേദഗതി നിയമത്തിന്റെ ശരിതെറ്റുകളെക്കുറിച്ച് സമരക്കാരുമായി ചര്‍ച്ച നടത്താനുള്ള അധികാരം മധ്യസ്ഥ സമിതിക്കില്ലെന്നാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സമരവേദി മാറ്റുന്നതിനെക്കുറിച്ച് മാത്രം സംസാരിക്കാനാണ് ഇവരെ കോടതി ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
സമരത്തിന് അനുയോജ്യമായ മറ്റു സ്ഥലങ്ങള്‍ നിര്‍ദേശിക്കാമെന്ന് ഡല്‍ഹി പൊലീസിനോടും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വേദി മാറ്റാന്‍ ഒരുക്കമല്ലെന്ന നിലപാടില്‍ സമരക്കാര്‍ ഉറച്ചുനിന്നാല്‍ മധ്യസ്ഥ ശ്രമങ്ങള്‍ എത്രത്തോളം ഫലം ചെയ്യുമെന്നത് കാത്തിരുന്നു കാണേണ്ടി വരും.

SHARE