പ്രതികള്‍ ഷംനയെ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതിയിട്ടു; വെളിപ്പെടുത്തലുമായി ഐ.ജി വിജയ് സാഖറെ

കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്‌മെയില്‍ ചെയ്തവര്‍ നടിയെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടിരുന്നതായി ഐജി വിജയ് സാഖറെ. എന്നാല്‍ നടി പൊലീസില്‍ പരാതിപ്പെട്ടതോടെ പദ്ധതി പാളുകയായിരുന്നെന്നും ഐജി കൊച്ചിയില്‍ പറഞ്ഞു.

ഷംനയോട് ആദ്യം ഒരു ലക്ഷം ചോദിച്ചു. പിന്നീട് അമ്പതിനായിരം രൂപ ചോദിച്ചു. എന്നാല്‍, ഷംന തയ്യാറായില്ല. ഇതേ തുടര്‍ന്ന് ഷംനയെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിടുകയായിരുന്നു. നടിയുടെ റൂട്ട് മാപ്പ് അടക്കം മനസിലാക്കി തട്ടിക്കൊണ്ടുപോകാനായിരുന്നു പദ്ധതി. ശേഷം വലിയൊരു തുക മോചനദ്രവ്യമായി ആവശ്യപ്പെടാനും പ്രതികള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, അപ്പോഴേക്കും നടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അതുകൊണ്ടാണ് പ്രതികളുടെ ലക്ഷ്യം പാളിയതെന്നും ഐജി വെളിപ്പെടുത്തി.

കേസില്‍ പ്രതികളുടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായിട്ടുണ്ട്. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഹൈദരാബാദില്‍ നിന്നെത്തി ക്വാറന്റീനില്‍ കഴിയുന്ന ഷംനയുടെ മൊഴിയെടുത്തത്. സ്വര്‍ണകടത്തുമായി കേസിനു ബന്ധമില്ലെന്നാണ് പൊലീസ് നിഗമനം. ഷംനയെ പോലെ മറ്റ് സിനിമാ താരങ്ങളെയും തട്ടിക്കൊണ്ടുപോയി മോചനദ്രവ്യമായി വന്‍തുക ആവശ്യപ്പെടാന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

SHARE